ശബരിമലയില്‍ നടവരവായി ലഭിച്ച 180 പവന്‍ സ്വര്‍ണം സ്ട്രോങ് റൂമിലെത്താന്‍ വൈകി

പമ്പ: ശബരിമല തീർത്ഥാടന വേളയിൽ നടവരവായി ലഭിച്ച 400 പവൻ സ്വർണത്തിൽ 180 പവൻ സ്ട്രോംഗ് റൂമിൽ എത്താൻ വൈകിയതായി കണ്ടെത്തി. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിൽ കൃത്യമായി എത്തിയില്ലെന്ന ആരോപണത്തെ തുടർന്നാണ് ദേവസ്വം ബോർഡ് പരിശോധന നടത്തിയത്. കെഎസ്എഫ്ഇയിൽ ജോലി ലഭിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ സ്ട്രോംഗ് റൂമിന്‍റെ താക്കോൽ കൈമാറാതെ സൂക്ഷിച്ചതായും കണ്ടെത്തി. നടവരവായി ലഭിച്ച സ്വർണവും വെള്ളിയും പൂർണമായും സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചില്ലെന്ന സോഷ്യൽ മീഡിയ ആരോപണത്തെ തുടർന്നാണ് ആറൻമുളയിലെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ തിരുവാഭരണം കമ്മീഷണർ ജി ബൈജുവിനെ നിയോഗിച്ചത്. ദേവസ്വം ജീവനക്കാർ തമ്മിലുള്ള തർക്കമാണ് വിവരം പുറത്തുവരാൻ ഇടയാക്കിയത്. തിരുവാഭരണ കമ്മിഷണർ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എസ്.ശാന്തകുമാർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസർ എം.രവികുമാർ എന്നിവർ തീർഥാടന കാലത്തു നടവരവായി ലഭിച്ച സ്വർണം, വെള്ളി എന്നിവയുടെ മഹസർ ബുക്കുകൾ ഹാജരാക്കാൻ എത്തി. സന്നിധാനത്ത് സൂക്ഷിച്ചിരുന്ന 180 പവൻ സ്വർണവും ഇവർ എത്തിച്ചു. മകരവിളക്ക് തീർത്ഥാടനം കഴിഞ്ഞയുടൻ ആറൻമുളയിലേക്ക് കൊണ്ടുവരാനുള്ള സ്വർണം കൊണ്ടുവരാതിരുന്നത് ജീവനക്കാരുടെ വീഴ്ചയാണെന്നാണ് ആരോപണം.

Related Posts