6 വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ 1800 ഡോളർ തരാമെന്ന് അമ്മ; 18-ാം വയസ്സിൽ സമ്മാനം അടിച്ചെടുത്ത് മകൻ
സൊമാറ്റോയിൽ രണ്ടര വയസ്സുകാരൻ ഓംലറ്റും പൊറോട്ടയും ഓർഡർ ചെയ്യുന്ന കാലത്താണ് നാമെല്ലാം ജീവിക്കുന്നത്. സദാ സമയവും സോഷ്യൽ മീഡിയയിൽ തല പൂഴ്ത്തിയിരിക്കുന്ന മക്കളെ എങ്ങനെ അതിൽനിന്ന് പിന്തിരിപ്പിക്കാം എന്ന് മാതാപിതാക്കൾ തല പുകയ്ക്കുന്ന കാലം. ഇൻസ്റ്റയിൽനിന്നും എഫ് ബി യിൽ നിന്നും മക്കളെ ഓടിക്കാൻ പണിപ്പെടുന്ന മാതാപിതാക്കൾ ഈ വാർത്ത അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അമേരിക്കയിലാണ് സംഭവം. 12 വയസ്സുള്ള മകനോട് 6 വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ 1800 ഡോളർ സമ്മാനമായി നൽകാം എന്ന് അമ്മ പറഞ്ഞു. കൃത്യം ആറ് വർഷം വാക്ക് പാലിച്ചാൽ 18-ാം പിറന്നാൾ ദിനത്തിൽ പറഞ്ഞ തുക കൈമാറാം എന്നും ധാരണയായി. സിവർട്ട് ക്ലെഫ്സാസ് എന്നാണ് മകൻ്റെ പേര്. അമ്മ ലോർണ ഗോൾഡ് സ്ട്രാൻ്റ് ക്ലെഫ്സാസ്.
പിന്നീടുള്ള ആറ് വർഷക്കാലത്തേക്ക് സിവർട്ട് സോഷ്യൽ മീഡിയ ഉപയോഗിച്ചതേയില്ല. അതേപ്പറ്റി ചിന്തിച്ചതേയില്ല. ഈ മാസം 19-ാം തീയതി സിവർട്ടിൻ്റെ 18-ാം പിറന്നാളായിരുന്നു. വാക്കുപാലിച്ച് അമ്മ ലോർണ അവന് 1800 ഡോളർ സമ്മാനമായി നൽകുകയും ചെയ്തു.
താൻ സോഷ്യൽ മീഡിയയ്ക്ക് എതിരല്ലെന്ന് ലോർണ പറയുന്നു. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ പലതരം ചതിക്കുഴികളിൽ ചെന്ന് ചാടാൻ സാധ്യതയുണ്ട്. അതിനാൽ ഇളം പ്രായത്തിൽ അതിൻ്റെ ഉപയോഗം കഴിയാവുന്നതും പരിമിതപ്പെടുത്തണം.
സിവർട്ട് നല്ല കുട്ടിയാണ്. വലിയ സമ്മാനം കിട്ടുമെന്ന ചിന്ത കുട്ടിയെ പ്രചോദിപ്പിച്ചു. അവൻ പറഞ്ഞ വാക്ക് പാലിച്ചു. കള്ളത്തരം കാട്ടിയില്ല. സമ്മാനം വാങ്ങിയെടുക്കുകയും ചെയ്തു. ഇനിയുള്ള കാലം അവൻ സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യട്ടെ എന്നാണ് ലോർണ പറയുന്നത്. അത് അവൻ്റെ ഇഷ്ടം. പക്വത വന്ന പ്രായത്തിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്.