ഗുജറാത്തിൽ 24 മണിക്കൂറിനിടെ രാജിവച്ച് 2 കോൺഗ്രസ് എംഎൽഎമാർ
അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. തലാല എംഎൽഎ ഭഗവാൻഭായ് ഡി ഭറാഡ് രാജിവെച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ മുതിർന്ന നേതാവും എംഎൽഎയുമായ മോഹൻസിംഗ് രത്‌വ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ എംഎൽഎയുടെ രാജി കോൺഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയാകുകയാണ്. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച ഭഗവാൻഭായ് തന്‍റെ രാജിക്കത്ത് ഗവർണർക്കും സ്പീക്കർക്കും കൈമാറി. 11 തവണ കോൺഗ്രസ് എംഎൽഎയും ആദിവാസി നേതാവും ഛോട്ടാ ഉദേപൂരിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാവുമായിരുന്ന മോഹൻസിംഗ് രത്‌വ രാജിവെച്ച് കുടുംബസമേതമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ 77 സീറ്റ് കോൺഗ്രസ് നേടിയിരുന്നു. ഇതിൽ 16 പേർ ഇതുവരെ ബിജെപിയിൽ ചേർന്നു.