കെഎസ്ആര്‍ടിസിക്ക് വിനയായി ഇന്ധനസെസ്; പ്രതിമാസം അധികച്ചെലവ് 2 കോടി

തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 2 കോടിയുടെ അധികബാധ്യത. അധിക സെസ് തിരിച്ചടിയാകുമെന്ന് സമ്മതിച്ച കെ.എസ്.ആർ.ടി.സി ഇക്കാര്യം ധനവകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു ദിവസം 3,30,000 ലിറ്റർ ഡീസൽ ആവശ്യമാണ്. ഇന്ധന സെസ് വരുമ്പോൾ പ്രതിദിനം 6.60 ലക്ഷം രൂപ അധികം നൽകണം. ഏപ്രിൽ മുതൽ പ്രതിമാസം രണ്ട് കോടി അധികമായി കണ്ടെത്തണം. കെഎസ്ആർടിസിയുടെ ചെലവിന്‍റെ സിംഹഭാഗവും ഇന്ധനമാണ്. പ്രതിമാസം ശരാശരി 100 കോടിയാണ് ഇന്ധനം വാങ്ങാൻ കോർപ്പറേഷൻ ചെലവഴിക്കുന്നത്. ഇന്ധന സെസ് പ്രതികൂലമായി ബാധിക്കുമെന്ന് ഗതാഗതമന്ത്രി തന്നെ നിയമസഭയിൽ നൽകിയ മറുപടിയിൽ സമ്മതിച്ചിട്ടുണ്ട്. ഇലക്ട്രിക്, സി.എൻ.ജി ബസുകൾ നിരത്തിലിറക്കിയാൽ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂ എന്ന നിലപാടിലാണ് കെഎസ്ആർടിസി. അതിനും സർക്കാറിൻ്റെ ധനസഹായം ആവശ്യമാണ്.

Related Posts