സിറിയയിലെ ഭൂചലനം മുതലെടുത്തു; 20 ഓളം ഐഎസ് ഭീകരർ ജയിൽ ചാടി

അസാസ് (സിറിയ): ഭൂചലനത്തിൽ ജയിൽ മതിലുകൾ തകർന്നതിന് തൊട്ടുപിന്നാലെയുണ്ടായ കലാപത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലെ 20 തടവുകാർ ജയിൽ ചാടി. വടക്കുപടിഞ്ഞാറൻ സിറിയയിലെ തുർക്കി അതിർത്തിക്കടുത്തുള്ള റജോയിലെ 'ബ്ലാക്ക് പ്രിസൺ' എന്നറിയപ്പെടുന്ന സൈനിക ജയിലിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ കലാപം നടത്തിയപ്പോഴാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. ആകെ രണ്ടായിരത്തോളം തടവുകാരാണ് റജോയിലെ ജയിലിലുള്ളത്. ഇതിൽ 1,300 പേർ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ളവരാണ്. കുർദ് സേനയിൽ നിന്നുള്ള ആളുകളും ഇവിടെയുണ്ട്. ജയിൽ ഉൾപ്പെടുന്ന പ്രദേശത്ത് ശക്തമായ രണ്ട് ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം പുലർച്ചെ 4.17 ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉച്ചയ്ക്ക് 1.24 ന് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ആദ്യത്തെ ഭൂചലനത്തിൽ തന്നെ ജയിലിന്‍റെ ചുമരുകൾക്കും വാതിലുകൾക്കും വിള്ളലുണ്ടായി. ഇതാണ് കുറ്റവാളികൾക്ക് പുറത്ത് ചാടാൻ അവസരമായത്. "കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പം റജോയിലെ ജയിലിനെയും ബാധിച്ചു. ഇതിനിടെ തടവുകാരിൽ ചിലർ കലാപമുണ്ടാക്കാൻ ശ്രമിച്ചു. അവരിൽ ചിലർ ജയിലിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഇതിനിടെ ഇരുപതോളം തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. അവർ ഐഎസ് തീവ്രവാദികളാണെന്ന് സംശയിക്കുന്നു," സൈനിക ജയിലിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഇവരെ രക്ഷപ്പെടാൻ സഹായിച്ചവർക്ക് ഭീകരർ വൻ സാമ്പത്തിക സഹായം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Related Posts