2022 ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷം; നാസയുടെ കണ്ടെത്തല്‍

ന്യൂഡല്‍ഹി: നാസയുടെ കണക്കനുസരിച്ച്, 2022 ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷം. 1880-ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, നമ്മൾ അഭിമുഖീകരിച്ച ഏറ്റവും ചൂടേറിയ ഒമ്പത് വർഷങ്ങൾ കടന്നുപോയതായി റിപ്പോർട്ടിൽ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ശരാശരി താപനില വർദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.11 ഡിഗ്രി സെൽഷ്യസ് വർദ്ധനവാണിത്. കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങളുടെ പുറന്തള്ളലും കഴിഞ്ഞ വർഷം റെക്കോർഡ് ഉയരത്തിലെത്തി. നേരത്തെ, ലോക കാലാവസ്ഥാ സംഘടനയുടെ പ്രാഥമിക റിപ്പോർട്ടും 2022 ഏറ്റവും ചൂടേറിയ അഞ്ചാമത്തെയോ ആറാമത്തെയോ വർഷമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 1901 മുതൽ ഇന്ത്യയിൽ താപനില രേഖപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷം കൂടിയായിരുന്നു 2022. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ രാജ്യത്ത് ശരാശരി വാർഷിക താപനിലയിൽ 0.51 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ആഗോള ശരാശരി താപനില 0.89 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നാണ്. ആഗോള ഉപരിതല താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ഏറ്റവും ചൂടേറിയ ആറാമത്തെ വർഷമാണെന്ന് എൻഒഎഎ റിപ്പോർട്ടിൽ പറയുന്നു.

Related Posts