2022 ഫുട്‌ബോള്‍ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
സൂറിച്ച് : 2022ലെ ഫുട്ബോൾ ലോകകപ്പ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കായിക മേളയാണ്. ഈ വര്‍ഷം നവംബറിലാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2022 നവംബർ 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്. എന്നാൽ 21ന് മുമ്പ് ലോകകപ്പ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഷെഡ്യൂൾ ചെയ്ത തീയതിക്ക് ഒരു ദിവസം മുമ്പ് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് നവംബർ 20ന് മത്സരങ്ങൾ ആരംഭിക്കും. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇതുവരെ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ആസൂത്രണം ചെയ്തതുപോലെ ഗ്രൂപ്പ് എയിൽ നെതർലൻഡ്സും സെനഗലും തമ്മിലാണ് ഉദ്ഘാടന മത്സരം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ മത്സരത്തിന് പകരം, ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടും. ഈ മത്സരം നവംബര്‍ 20ന് ആരംഭിക്കും. എന്നാൽ ഫൈനൽ ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങളിൽ മാറ്റമില്ല. നേരത്തെ തീരുമാനിച്ചതുപോലെ ഡിസംബർ 18നാണ് ഫൈനൽ നടക്കുക.