2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ നിക്കി ഹേലി

വാഷിങ്ടൻ: 2024 യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ 51 കാരി നിക്കി ഹേലി. പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമാണ് നിക്കി. "ഞാൻ നിക്കി ഹേലി, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു" എന്നാണ് നിക്കി വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. 1960 കളിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിംഗ് രൺധാവയുടെയും രാജ് കൗറിന്‍റെയും മകളാണ് നിക്കി. പുതിയ തലമുറ നേതൃത്വത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നതിനും അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ അഭിമാനവും ലക്ഷ്യവും കൈവരിക്കുന്നതിനും മാറ്റം ആവശ്യമാണ്. ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭിമാനിയായ മകളാണ്. വെളുത്തതോ കറുത്തതോ അല്ല, താൻ വ്യത്യസ്തയാണെന്നും നിക്കി വീഡിയോയിൽ പറഞ്ഞു. 2024 നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് മത്സരിക്കാനിരിക്കുന്ന സമയത്താണ് നിക്കി ഹേലിയുടെ കടന്നുവരവ്. ട്രംപ് ഭരണകൂടത്തിൽ ഇന്ത്യൻ വംശജരിൽ ഏറ്റവും ഉയർന്ന പദവി വഹിച്ചയാളാണ് നിക്കി. ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ താൻ സ്ഥാനാർത്ഥിയാകില്ലെന്ന മുൻ നിലപാടിന് വിരുദ്ധമായാണ് നിക്കിയുടെ പ്രഖ്യാപനം. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റായ ജോ ബൈഡന് മറ്റൊരു അവസരം നൽകരുതെന്നും നിക്കി പറഞ്ഞു.

Related Posts