23-ാം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ

സെർച്ച് എഞ്ചിൻ ലോകത്തെ അതികായനായ ഗൂഗിളിന് ഇന്ന് 23-ാം പിറന്നാൾ. ജന്മദിന ഡൂഡിലുമായി ഹോം പേജിനെ ഗൂഗിൾ ആകർഷകമാക്കിയിട്ടുണ്ട്. 23 എന്നെഴുതിയ കേക്കിൽ മെഴുകുതിരിയായി ഗൂഗിളിലെ 'L' എന്ന അക്ഷരം മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു.

സാങ്കേതികമായി, ഗൂഗിൾ സ്ഥാപിതമായത് 1998 സെപ്റ്റംബർ 4 നാണ്. ആദ്യത്തെ ഏഴ് ജന്മദിനങ്ങളും സെപ്റ്റംബർ 4 നാണ് ആഘോഷിച്ചത്. പിന്നീടാണ് സെപ്റ്റംബർ 27 ലേക്ക് ജന്മദിന ആഘോഷങ്ങൾമാറ്റാൻ കമ്പനി തീരുമാനിക്കുന്നത്. സെർച്ച് എഞ്ചിൻ സൂചികയിലെ റെക്കോഡ് പേജുകളുടെ പ്രഖ്യാപനവുമായി പൊരുത്തപ്പെടുന്നതിനാണ് തീയതി മാറ്റി നിശ്ചയിച്ചത്.

ഡൂഡിലിന്റെ ചരിത്രവും 1998 ലാണ് തുടങ്ങുന്നത്. യഥാർഥത്തിൽ ഗൂഗിൾ സ്ഥാപിക്കുന്നതിനും ഒരു മാസം മുമ്പാണ് ആദ്യ ഡൂഡിൽ പുറത്തിറങ്ങുന്നത്. നെവാഡയിലെ ബ്ലാക്ക് റോക്ക് സിറ്റിയിൽ നടന്നുവന്ന 'ബേണിംഗ് മാൻ' പരിപാടിക്ക് ആദരമായാണ് ആദ്യത്തെ ഡൂഡിൽ പുറത്തിറക്കിയത്.

ഇന്ന് ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ. സെർജി ബ്രിന്നും ലാറി പേജുമാണ് സ്ഥാപകർ. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ ആണ് നിലവിൽ കമ്പനിയുടെ സിഇഒ. 2015 ഒക്ടോബർ 24 നാണ് പേജിന്റെ പിൻഗാമിയായി പിച്ചൈ വരുന്നത്.

തുടർന്ന് പേജ് ആൽഫബെറ്റ് ഇൻകോർപ്പറേഷൻ എന്ന പാരൻ്റ് കമ്പനിയിൽ സിഇഒ സ്ഥാനം ഏറ്റെടുത്തു. 2019 ഡിസംബർ 3 മുതൽ ആൽഫബെറ്റിന്റെ സിഇഒ ആയും സുന്ദർ പിച്ചൈ പ്രവർത്തിക്കുന്നു.

Related Posts