24 മണിക്കൂര്‍ സേവനം പുനസ്ഥാപിച്ച് തോളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം.

തൃശ്ശൂർ :

തൃശൂര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി ഹെല്‍ത്തിന്റെ ഭാഗമായി റൂറല്‍ ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തിക്കുന്ന തോളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം 24 മണിക്കൂര്‍ സേവനം പുനസ്ഥാപിച്ചു. പുഴയ്ക്കല്‍ ബ്ലോക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രികാല സേവനം കുറച്ചു കാലമായി ലഭ്യമായിരുന്നില്ല. കൂട്ടായ ശ്രമങ്ങളുടെ ഫലമായി ജൂണ്‍ പതിനേഴാം തിയ്യതി മുതല്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്താന്‍ ആരോഗ്യ കേന്ദ്രത്തിന് സാധിച്ചു. എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിള്ളിയുടെ അടിയന്തര ഇടപെടലൂടെയാണ് ആശുപത്രിയുടെ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കിയത്.

ഹൗസ് സര്‍ജന്‍സ് ബാച്ചിലെ ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ ലഭിച്ചിരുന്നത്. എന്നാല്‍ ഇവരുടെ കോഴ്‌സ് തീരുകയും നിലവില്‍ ഹൗസ് സര്‍ജൻസായി സേവനമാരംഭിക്കേണ്ടിയിരുന്ന ബാച്ചിന്റെ പരീക്ഷാഫലം കൊവിഡ് പശ്ചാത്തലത്തില്‍ വൈകിയതുമാണ് 24 മണിക്കൂര്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഇതിനാണ് ഇപ്പോള്‍ അടിയന്തരമായി പരിഹരാമായത്.

തോളൂര്‍, അടാട്ട്, കൈപ്പറമ്പ്, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു തോളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല സേവനങ്ങള്‍. വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മെഡിക്കല്‍ കോളേജ് അധികാരികളുമായി ചര്‍ച്ച നടത്തുകയുമാണ് എം എല്‍ എ ആദ്യം ചെയ്തത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഇടപെടലിലൂടെ തോളൂര്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനം ചെയ്യുന്നതിന് സന്നദ്ധമായി മുന്നോട്ടു വന്ന കോലഴി സ്വദേശിനിക്ക് എന്‍ എച്ച് എം വഴി നിയമനത്തിന് സൗകര്യമൊരുക്കുകയും ചെയ്തു. എന്‍ എച്ച് എം വഴി രണ്ട് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ കോളേജിലെ ഒരു നോണ്‍ അക്കാദമിക്ക് ജൂനിയര്‍ റെസിഡന്റ് ഡോക്ടറുടെയും സേവനമാണ് ഇവിടെ ലഭ്യമായിരിക്കുന്നത്. പുതിയ ബാച്ച് ഹൗസ് സര്‍ജന്‍സ് വരുന്നതോടെ ഈ പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരം ഉണ്ടാകുകയും ചെയ്യും.

തോളൂര്‍ സി എച്ച് എസ് സിയുടെ ക്വാര്‍ട്ടേഴ്‌സ് സൗകര്യം ഉപയോഗിച്ചുകൊണ്ടുള്ള കോള്‍ ഡ്യൂട്ടി സംവിധാനവും പൂനരാരംഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിളളി പറഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്ന തോളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ സേവനം പുനസ്ഥാപിച്ചതോടെ വലിയ ആശ്വാസമായെന്ന് പ്രദേശവാസികളും പ്രതികരിച്ചു.

Related Posts