ബില്ലിന്റെ ഷോക്കിൽ; വീട്ടുടമയുടെ ഒരു മാസത്തെ വൈദ്യുതി ബിൽ 25.93 കോടി
മയ്യഴി: പുതുച്ചേരി വൈദ്യുതി വകുപ്പ് മാഹിയിലെ ഒരു ഉപഭോക്താവിന് നൽകിയത് 25.9 കോടിയുടെ ബിൽ. മാഹി പന്തക്കല്‍ കുന്നുമ്മല്‍ പാലത്തിന് സമീപത്തെ മാലയാട്ട് സനില്‍ കുമാറിനാണ് ജൂലൈ മാസം 25,93,10,580 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. നിലവിലുള്ള മാസത്തെ ചാര്‍ജായി 485 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. റഗുലേറ്ററി സര്‍ചാര്‍ജ് 1,23,18,100 രൂപയും ഫിക്‌സഡ് എസ്.സി യായി 24,69,61,500 രൂപയും ഔട്ട് സ്റ്റാന്റിങ് അപ് ടു 542 രൂപയും ബില്ലില്‍ ഉണ്ട്. ബില്ലിലെ തുക ശ്രദ്ധിക്കാതെ പന്തക്കലിലെ അക്ഷയ കേന്ദ്രത്തിൽ ഓൺലൈനായി തുക അടയ്ക്കാനുള്ള രസീത് കാണിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കണ്‍സ്യൂമര്‍ നമ്പറും വീട്ടുടമസ്ഥന്‍റെ പേരും വിലാസവും ഒരു തെറ്റും കൂടാതെ രസീതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാഹി വൈദ്യുതി വകുപ്പിലെ ജീവനക്കാർ സാധാരണയായി വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മീറ്റർ റീഡിംഗ് എടുത്ത് പുതുച്ചേരി ഹെഡ് ഓഫീസ് റവന്യൂ വിഭാഗത്തിലേക്ക് റീഡിംഗ് അയയ്ക്കുകയാണ് പതിവ്. ഈ പിഴവ് പുതുച്ചേരി ഓഫീസിൽ നിന്നാണ് സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു.