ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം
മുംബൈ: ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ സ്‌റ്റേഡിയത്തില്‍ 25 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ബിസിസിഐ. 25 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് കേസുകള്‍ വളരെ അധികം കുറയുന്ന സാഹചര്യത്തിലാണ് ഈ പ്രതീക്ഷ ബിസിസിഐ അധികൃതര്‍ പങ്കിടുന്നത്.
ആദ്യത്തെ മത്സരങ്ങള്‍ക്ക് 25 ശതമാനം കാണികളെ അനുവദിച്ച ശേഷം ലീഗ് പുരോഗമിക്കും തോറും കൂടുതല്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുവാന്‍ സര്‍ക്കാര്‍ അനുമതി ലഭിയ്ക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
മുംബൈ വാംഖഡെ സ്റ്റേഡിയം, നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയങ്ങളിലാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍. വാംഖഡെയില്‍ 9800-10000 കാണികള്‍, ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 7000- 8000, പുനെയില്‍ 11000- 12000 കാണികളെ തുടക്കത്തില്‍ പ്രവേശിപ്പിക്കാമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
നേരത്തെ ബംഗളൂരുവില്‍ നടന്ന ഇന്ത്യ- ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്റ്റില്‍ 100 ശതമാനം കാണികളേയും മൊഹാലിയില്‍ വിരാട് കോഹ്‌ലിയുടെ 100ാം ടെസ്റ്റ് മത്സരത്തില്‍ 50 ശതമാനം കാണികളേയും പ്രവേശിപ്പിച്ചിരുന്നു. ഇക്കാര്യവും ബിസിസിഐയുടെ പ്രതീക്ഷയ്ക്ക് ബലം നല്‍കുന്നുണ്ട്. വാംഖഡെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയങ്ങളില്‍ 20 വീതം ലീഗ് മത്സരങ്ങളും പുനെയില്‍ 15 ലീഗ് മത്സരങ്ങളുമാണ് അരങ്ങേറുക.