ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിര്‍മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് 25.50 ലക്ഷം രൂപ അനുവദിച്ചു. ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നത്. നേരത്തെ ക്ലിഫ് ഹൗസിൽ മതിലും കാലിത്തൊഴുത്തും നിർമ്മിക്കാൻ 42.90 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചെലവ് കുറയ്ക്കാനുള്ള ധനവകുപ്പിന്‍റെ നിർദേശം പരിഗണനയിലിരിക്കെയാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കാനുള്ള തീരുമാനം. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് ഇന്നോവ കാർ വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കണ്ണൂർ തോട്ടടയിലെ ഷോറൂമിൽ നിന്നാണ് കാർ വാങ്ങാനാണ് ഉത്തരവിറക്കിയത്. 35 ലക്ഷം രൂപ മുടക്കി കാർ വാങ്ങാനായിരുന്നു 17ന് ഇറക്കിയ ഉത്തരവിൽ തീരുമാനം. ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ട് എടുത്ത് ഇലക്ട്രിക് വാഹനം വാടകയ്ക്കെടുക്കുക എന്ന നയത്തിന് വിരുദ്ധമാണ് പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് വാഹനം വാങ്ങാനുള്ള ജയരാജന്‍റെ തീരുമാനം വിവാദമായത്.