ആദ്യ ദിനം 3 കോടിയോളം; റെക്കോർഡ് നേടി സ്ഫടികം റീറിലീസ്
റീറിലീസ് ചെയ്ത 'സ്ഫടികം' മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 9 നാണ് വീണ്ടും റിലീസ് ചെയ്തത്. കേരളത്തിൽ 150 ലധികം തിയേറ്ററുകളിലും ലോകമെമ്പാടുമായി അഞ്ഞൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം മൂന്ന് കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റീ റിലീസ് ചിത്രമെന്ന റെക്കോർഡ് 'സ്ഫടികം' സ്വന്തമാക്കിയതായി പ്രവർത്തകർ പറയുന്നു. ചില ഷോട്ടുകൾ ചിത്രത്തിൽ ചേർത്തിട്ടുള്ളതിനാൽ പുതിയ പതിപ്പിനു എട്ട് മിനിറ്റധികം ദൈർഘ്യമുണ്ട്. റീ-റിലീസ് ചെയ്ത ചിത്രത്തിന്‍റെ പകർപ്പ് മൂന്ന് വർഷത്തേക്ക് ഒടിടിയിൽ റിലീസ് ചെയ്യില്ലെന്ന് ഭദ്രൻ അറിയിച്ചിട്ടുണ്ട്.