സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ 300 കോടി കെഎസ്‌ആർടിസിക്ക് ഉൾപ്പെടെ വകമാറ്റും
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമാണം ആരംഭിക്കാത്ത റോഡ് പദ്ധതികളുടെ ഫണ്ട് വകമാറ്റാൻ തീരുമാനം. 300 കോടി രൂപയാണ് വകമാറ്റുന്നത്. സ്മാർട്ട് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗം അംഗീകാരം നൽകി. നിർമ്മാണം ആരംഭിച്ച 17 റോഡുകൾ പുതിയ കരാറുകാരെ കണ്ടെത്താൻ വീണ്ടും ടെൻഡർ ചെയ്തു. നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്നതിനായി 25 ഓളം പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭ, അനർട്ട്, കെഎസ്ആർടിസി, സ്മാർട്ട് സിറ്റി എന്നിവ നേരിട്ട് ഇവ നടപ്പാക്കും. നഗരത്തിലെ സർക്കാർ ഓഫീസുകളിൽ സൗരോർജ പ്ലാന്‍റുകൾ സ്ഥാപിക്കും. സൗരോർജത്തിൽ നിന്ന് ഓഫീസുകളുടെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി കണ്ടെത്താനാണ് പദ്ധതി. കോർപ്പറേഷന്‍റെ പ്രധാന ഓഫീസും സോണൽ ഓഫീസുകളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തും. നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ ഇലക്ട്രിക് ബസുകൾ വാങ്ങും. 100 ബസുകൾ കെ.എസ്.ആർ.ടി.സിക്ക് കൈമാറും. കൂടാതെ മെഡിക്കൽ കോളേജിലും ആർസിസിയിലും നാല് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. നഗരത്തിൽ നിന്ന് ഈ ആശുപത്രികളിലേക്കും തിരിച്ചും സൗജന്യ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. 100 ഇ-ഓട്ടോറിക്ഷകൾ വാങ്ങി കുടുംബശ്രീക്ക് നൽകും. നഗരത്തിന്റെ വിവിധ ഭാഗത്തായി സ്മാർട്ട് തട്ടുകടകൾ സ്ഥാപിക്കും. കടയിലും പരിസരത്തും ശുചിത്വം ഉറപ്പാക്കും. മികച്ച ഭക്ഷണം നൽകാനും ശ്രദ്ധിക്കും. മലിനജലവും മറ്റ് മാലിന്യവും സംസ്കരിക്കാൻ സൗകര്യമുണ്ടാക്കും. സൗരോർജ വിളക്കുകൾ സ്ഥാപിക്കും. 10 സ്മാർട്ട് തട്ടുകട തുറക്കുകയാണ് ലക്ഷ്യം.