32-ാമത് ഒളിമ്പിക്‌സിന് നാളെ തുടക്കമാകും.

ടോക്യോയിലെ നാഷണൽ സ്‌റ്റേഡിയത്തിലാണ്‌ ഉദ്ഘടാന ചടങ്ങുകൾ നടക്കുന്നത്.

ടോക്യോ: 32-ാമത് ഒളിമ്പിക്‌സിന്‌ ഇനി ഒരുനാൾ. ടോക്യോയിലെ നാഷണൽ സ്‌റ്റേഡിയത്തിലാണ്‌ ഉദ്ഘടാന ചടങ്ങുകൾ നടക്കുന്നത്. ഒരുമയെന്ന ആശയത്തിലാണ്‌ ഈ മേളനടക്കുന്നത്. രണ്ടു വർഷമായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിച്ചാണ്‌ ടോക്യോയിൽ കായികലോകം ഒന്നിക്കുന്നത്‌. കൊവിഡ്‌ കാരണം നിരവധി താരങ്ങൾ പിന്മാറിയിട്ടുണ്ട്‌. നാളെ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങുകൾ എല്ലാം പേരിനുമാത്രം. ഒരു ടീമിലെ ആറ്‌ ഒഫീഷ്യൽസിനും കുറച്ച്‌ കായികതാരങ്ങൾക്കും മാത്രമാകും മാർച്ച്‌ പാസ്‌റ്റിൽ അണിനിരക്കാനാവുക. കൊവിഡ് വ്യാപനം മുന്നിൽ കണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. പിറ്റേദിവസം മത്സരത്തിനിറങ്ങുന്ന കായികതാരങ്ങളെ മാർച്ച്‌ പാസ്‌റ്റിൽ അനുവദിക്കില്ല. പതിനൊന്നായിരത്തിൽപ്പരം കായിക താരങ്ങളാണുള്ളത്‌. ഒഫീഷ്യൽസും കൂടിയാകുമ്പോൾ എണ്ണം ഇരുപതിനായിരം കവിയും. ഈ സാഹചര്യത്തിലാണ്‌ എണ്ണം കുറച്ചത്‌. പരമാവധി ആയിരം പേരായിരിക്കും ഉദ്‌ഘാടനച്ചടങ്ങുകളിൽ പങ്കെടുക്കുക. കാണികൾക്കും പ്രവേശനമില്ല. ഇതിനിടെ ടോക്യോയിൽ കൊവിഡ്‌ കേസുകൾ കൂടുന്നത്‌ ആശങ്കയായി തുടരുന്നു. വൈറസിനൊപ്പമുള്ള മേളയായിരിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. പതിനേഴു ദിവസങ്ങൾ നീളുന്ന മേളയിൽ പുതിയ താരോദയങ്ങൾക്കുള്ള കാത്തിരിപ്പാണ്‌. ട്രാക്കിൽ യുസൈൻ ബോൾട്ടിനും നീന്തൽക്കുളത്തിൽ മൈക്കേൽ ഫെൽപ്‌സിനും പിൻഗാമികളെ തേടുന്നു.

Related Posts