ഇന്ത്യൻ ടീമിന് 4 സ്റ്റാർ ഹോട്ടൽ; ഇന്ത്യയെ അപമാനിച്ചെന്ന് ആരോപണം
ബ്രിസ്‌ബേന്‍: ട്വന്‍റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീമിനെ ഐസിസിയും ക്രിക്കറ്റ് ഓസ്ട്രേലിയയും കുറഞ്ഞ സൗകര്യങ്ങൾ നൽകി അപമാനിച്ചതായി ആരോപണം. ബ്രിസ്‌ബേനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സന്നാഹ മത്സരത്തിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ താമസിപ്പിച്ചപ്പോൾ രോഹിത് ശർമയ്ക്കും സംഘത്തിനും ഫോർ സ്റ്റാർ സൗകര്യം മാത്രമാണ് നൽകിയതെന്നാണ് റിപ്പോർട്ട്. പെർത്തിൽ വെസ്റ്റൺ ഓസ്ട്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തിന് ശേഷം ഐസിസിയുടെ ഔദ്യോഗിക സന്നാഹ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ശനിയാഴ്ച ബ്രിസ്ബെയ്നിൽ എത്തിയിരുന്നു. ടി20 ലോകകപ്പിലെ പാകിസ്താനെതിരായ ആദ്യ മത്സരത്തിനായി മെൽബണിലേക്ക് പോകുന്നതിന് മുമ്പ് ബ്രിസ്ബേനിൽ ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനുമെതിരെ ഇന്ത്യ പരിശീലന മത്സരങ്ങൾ നടത്തുന്നുണ്ട്. നാളെ ഗബ്ബയിൽ ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരവും 19ന് ന്യൂസിലൻഡിനെതിരായ സന്നാഹമത്സരവും നടക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി സഹകരിച്ച് ഐസിസിയാണ് ടീമുകൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ആതിഥേയ രാജ്യത്തിന്‍റെ ടീമിന് പ്രത്യേക പരിഗണനയും സന്ദർശക ടീമിനോടുള്ള വിവേചനവും സാധാരണയായി താമസസൗകര്യം, യാത്ര മുതലായവയുടെ കാര്യത്തിൽ ചെയ്യുന്നില്ല. എന്നാൽ, ബ്രിസ്ബേനിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഐസിസിയും ക്രിക്കറ്റ് ഓസ്ട്രേലിയയും വീഴ്ച വരുത്തിയെന്ന് വിമർശനം ഉയർന്നിരുന്നു.