വിദ്വേഷം വളരുന്ന കാലത്ത് മതേതരത്വത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാന്‍

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങി 43 കലാകാരൻമാർ

വിദ്വേഷത്തിന്റെയും പകയുടെയും വിത്തുകൾ എരിയുന്ന കാലത്ത് മതേതരത്വത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നാം തയ്യാറാകണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത് സംബന്ധിച്ച് ഗൗരവമായ ചർച്ചകളുണ്ടാകണം. മതേതരത്വ മൂല്യങ്ങൾ പറയുന്ന കലാവിഷ്ക്കാരങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ കലാകാരൻമാർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ കേരള സംഗീത നാടക അക്കാദമിയുടെ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ നടന്ന 2021ലെ പുരസ്‌കാര സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി.

മനുഷ്യനെ ചിന്തിപ്പിക്കുന്ന, ഭയം കൂടാതെ എഴുതാനും പറയാനുമുള്ള കലാവിഷ്ക്കാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. എല്ലാ കലകളെയും ജനങ്ങളിലെത്തിക്കാൻ കഴിയുന്ന നമ്മുടെ സംസ്കാരത്തെ മനസ്സിലാക്കാനാകുന്ന സർക്ക്യൂട്ട് ആവിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. കലാകാരൻമാർക്ക് ഏറെ പ്രയോജനകരമാകുന്ന ഒന്നായിരിക്കും ഇത്. ഇതിന് പുറമെ പൈതൃക കലാരൂപങ്ങളെ സംരക്ഷിക്കുന്ന പദ്ധതികളും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.  നാടക കലാകാരൻമാരുടെ സംരക്ഷണത്തിനായി ഒരു സ്ഥിരം നാടകവേദി കായംകുളത്ത് ആരംഭിക്കുകയാണ്. കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ബാധിച്ച കലാകാരൻമാർക്ക് സ്ഥിരം വേദി ഒരുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാംസ്കാരിക മേഖലയിലെ അഭിമാന സ്ഥാപനമെന്ന നിലയിൽ സംഗീത നാടക അക്കാദമി കലാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എല്ലാ മേഖലകളെയും ഒരുപോലെ സ്പർശിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും സർക്കാർ അതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിൽ നടക്കുന്ന വിഷയങ്ങളോട് കലാസൃഷ്ടികളിലൂടെ തന്നെ പ്രതികരിക്കാൻ കലാകാരൻമാർക്ക് കഴിയണം. മതനിരപേക്ഷതയെ ചോദ്യം ചെയ്യുമ്പോൾ കലാകാരൻമാർക്ക് ഇടപെടാനാകണം. ജാതി, മത വേർതിരുവുകളില്ലാതെ നാം ഒന്നാണ് എന്ന ആശയം സമൂഹത്തിൽ എത്തിക്കാൻ കലയിലൂടെ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൺമറഞ്ഞുപോയ മലയാളത്തിന്റെ പ്രിയ നടി കെ പി എ സി ലളിതയ്ക്ക് ചടങ്ങിൽ ആദരാഞ്ജികൾ അർപ്പിച്ചു. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍  അതുല്യ സംഭാവന നല്‍കിയ മൂന്ന് പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 23  പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവുമാണ് നല്‍കിയത്. 

കേരള സംഗീത നാടക അക്കാദമിയുടെ 2019 ലെ മികച്ച നാടക പഠന ഗ്രന്ഥത്തിനുള്ള അവാര്‍ഡും മന്ത്രി വിതരണം ചെയ്തു. 2019 ലെ മികച്ച നാടക പഠനഗ്രന്ഥത്തിനുള്ള അവാര്‍ഡിന് അര്‍ഹമായത് രാജന്‍ തിരുവോത്തിന്റെ   കാഴ്ച-ലോക നാടക ചരിത്രം എന്ന ഗ്രന്ഥമാണ്. രാജന്‍ തിരുവോത്തിനെ  മന്ത്രി  പൊന്നാട അണിയിച്ച് ആദരിച്ച് 25000 രൂപയും സര്‍ട്ടിഫിക്കറ്റും ശില്പവും കൈമാറി.

പുരസ്‌കാരവിതരണ ചടങ്ങില്‍ അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി മാവേലിക്കര പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, എന്നിവർ സംസാരിച്ചു.  2021 ലെ ഫെലോഷിപ്പ് ജേതാവ് പ്രൊഫ. വി ഹര്‍ഷകുമാര്‍ മറുപടി പ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ. സ്വാഗതവും നിര്‍വാഹക സമിതി അംഗം അഡ്വ. വി ഡി പ്രേമപ്രസാദ് നന്ദിയും പറഞ്ഞു.

Related Posts