ഉറവിടം വെളിപ്പെടുത്താതെ 445 കോടി; പ്രാദേശിക രാഷ്ട്രീയ പാർടികളുടെ വരുമാനത്തിൽ 55 ശതമാനവും അജ്ഞാത ഉറവിടത്തിൽ നിന്ന്

തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), തെലുഗുദേശം പാർടി (ടിഡിപി), ബിജു ജനതാദൾ (ബിജെഡി) ഉൾപ്പെടെ 23 പ്രാദേശിക രാഷ്ട്രീയ പാർടികളുടെ വരുമാനത്തിൽ പകുതിൽ കൂടുതലും അറിയപ്പെടാത്ത ഉറവിടങ്ങളിൽനിന്ന്. 2019-20 സാമ്പത്തിക വർഷത്തെ രാഷ്ട്രീയ പാർടികളുടെ വരുമാനം സംബന്ധിച്ച അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസിൻ്റെ റിപ്പോർട്ടാണ് പുറത്തു വന്നത്. 23 പ്രാദേശിക പാർടികളുടെ ആകെ വരുമാനം 885.956 കോടി രൂപയാണ്. ഇതിൽ 54.32 ശതമാനം അഥവാ 481.276 കോടി രൂപയുടെ ഉറവിടമാണ് കാണിക്കാത്തത്. 2018-19 വർഷത്തെ അപേക്ഷിച്ച് അജ്ഞാത ഉറവിടത്തിൽ നിന്നുള്ള വരുമാനത്തിൽ 1.18 ശതമാനം വർധനവുണ്ടായിട്ടുണ്ട്.

20,000 രൂപയിൽ കുറഞ്ഞ സംഭാവന നൽകുന്ന വ്യക്തികളുടെയും സംഘടനകളുടെയും പേര് നിലവിൽ രാഷ്ട്രീയ പാർടികൾ വെളിപ്പെടുത്തേണ്ടതില്ല. അവ 'അൺനോൺ സോഴ്സസ് ' ആയാണ് രേഖപ്പെടുത്തുക. അതുമൂലം രാഷ്ട്രീയ പാർടികളുടെ വരുമാനത്തിൽ വലിയൊരു പങ്കിൻ്റെയും ഉറവിടം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.

തെലങ്കാന രാഷ്ട്രസമിതിയാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. 89.158 കോടി രൂപയാണ് ടിആർഎസ് അജ്ഞാത ഉറവിടമായി കാണിച്ചിരിക്കുന്നത്. തെലുഗുദേശം പാർടി (81.694 കോടി), യുവജന ശ്രമിക റിതു കോൺഗ്രസ് പാർടി (74.75 കോടി), ബിജു ജനതാദൾ (50.58 കോടി), ദ്രാവിഡ മുന്നേറ്റ കഴകം (45.50 കോടി) എന്നിവ പിന്നിലുണ്ട്. അതേസമയം ആം ആദ്മി പാർടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ലോക് ജനശക്തി പാർടി എന്നിവ സമർപിച്ച കണക്കിൽ കാര്യമായ പൊരുത്തക്കേടുകൾ ഉള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദേശീയ പാർടികളുടെ വരുമാനം സംബന്ധിച്ച കണക്ക് നേരത്തേ പുറത്തു വന്നിരുന്നു. ആകെയുള്ള 3377.41 കോടി രൂപ വരുമാനത്തിൽ 70.98 ശതമാനത്തിൻ്റെയും ഉറവിടം അവ കാണിച്ചിരുന്നില്ല. പട്ടികയിൽ ഒന്നാമത് ഭാരതീയ ജനതാ പാർടിയാണ്. 2642.63 കോടി രൂപയുടെ ഉറവിടമാണ് ബിജെപി വെളിപ്പെടുത്താത്തത്.

Related Posts