46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; നെഞ്ചിടിപ്പോടെ കേരളം; ബാബുവിനെ രക്ഷപ്പെടുത്തി സൈന്യം
പാലക്കാട്: തുള്ളിവെള്ളമില്ല, ഭക്ഷണമില്ല... ആരോടും ഒന്നുമിണ്ടാനോ കരയാനോപോലുമാകാതെ, പാലക്കാടിന്റെ ചൂടിലും തണുപ്പിലും ആത്മവിശ്വാസം കൈവിടാതെ, രണ്ട് ദിവസം ചെങ്കുത്തായ മലയിടുക്കിൽ ബാബു ജീവന് വേണ്ടി പോരാടി. ഒപ്പം രക്ഷാദൗത്യത്തിനായെത്തിയ ഇന്ത്യൻ സൈന്യവും. പരിശ്രമത്തിനൊടുവിൽ ദൗത്യം വിജയകരം. 46 മണിക്കൂറുകൾക്ക് ശേഷമാണ് മലയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ ബാബുവിനെ രക്ഷിക്കാനായത്. മലയിടുക്കില്‍ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യ സംഘത്തിലെ സെെനികൻ ഭക്ഷണവും വെള്ളം നല്‍കിയ ശേഷം ആരോഗ്യം വീണ്ടെടുത്ത ബാബുവിനെ റോപ്പ് ഉപയോഗിച്ച് സാവധാനം മുകളിലേക്ക് ഉയർത്തുകയായിരുന്നു.
തിങ്കളാഴ്ച മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റിങ്ങിനും ഭക്ഷണവും വെള്ളവും നല്‍കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടിയത്.
സൈന്യം രണ്ട് സംഘമായിട്ടാണ് എത്തിയത്. ബെംഗളൂരുവില്‍ നിന്നൊരു ടീമും ഊട്ടിയില്‍ നിന്ന് മറ്റൊരു ടീമുമെത്തി. മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എന്‍ഡിആര്‍എഫുമാണ് മലമുകളില്‍ എത്തിയത്. പ്രദേശവാസികളും പര്‍വതാരോഹകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ടീം താഴെ നിന്നും രക്ഷാ പ്രവര്‍ത്തനം നടത്തി. വേഗത്തില്‍ സാധ്യമായ സ്ഥലത്തുനിന്ന് ബാബുവിനെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനാണ് ആദ്യം ശ്രമിച്ചത്. അത് വിജയിച്ചതോടെ സൈന്യം പകുതി വിജയിച്ചു. കഞ്ചിക്കോട് സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന സൈനികനാണ് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
ജമ്മു കശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും മലകയറി പരിചയമുള്ള സംഘങ്ങളും എവറസ്റ്റ് കയറിയവരും കൂടെയുണ്ടായിരുന്നു. പ്രദേശവാസികളായ പരിചയ സമ്പന്നരും കൂടെയുണ്ടായത് സൈനികര്‍ക്ക് വലിയ സഹായകരമായി.
കൂർമ്പാച്ചിമലയിടുക്കിൽനിന്ന് ബാബുവിനെ രക്ഷിക്കുന്നത് കാണാനായി നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അഗ്നിരക്ഷാസേന, സിവിൽഡിഫൻസ് വൊളന്റിയർമാർ, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ സേന തുടങ്ങിയവരോടൊപ്പം പലരും സഹായം നൽകി പങ്കാളികളായി. രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും വെള്ളവും നൽകാൻ സന്നദ്ധ സംഘടനകളും സ്ഥലത്തുണ്ടായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂർമ്പാച്ചിമല കയറാൻ പോയത്. പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാൾ കുടുങ്ങിയത്. മുകളിൽനിന്നും താഴെനിന്നും നോക്കിയാൽ കാണാനാവില്ല. തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈൽ ഫോണിൽനിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഫോൺബന്ധം നിലക്കുകയായിരുന്നു.