40 സെക്കൻഡിനുള്ളിൽ 47 പുഷ്അപ്പ്സ്; വൈറലായി ബിഎസ്എഫ് സൈനികൻ്റെ വീഡിയോ

രാജ്യത്തിൻ്റെ അതിർത്തി കാക്കുന്നവരാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). ശാരീരിക ക്ഷമതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, കരുത്തരായ ആളുകളാണ് അതിർത്തി രക്ഷാ സേനയിൽ ജോലി ചെയ്യുന്നത്. ഹിമാലയം ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതിനാൽ അതിതീവ്രമായ കാലാവസ്ഥയെ ആണ് സേനാംഗങ്ങൾക്ക് നേരിടേണ്ടിവരുന്നത്. ശാരീരിക ക്ഷമതയിൽ ബിഎസ്എഫിനെ വെല്ലാൻ സേനയിലെ മറ്റൊരു വിഭാഗത്തിനും കഴിയില്ലെന്ന് തന്നെ പറയാം.

ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ബിഎസ്എഫ് സൈനികരുടെ കരുത്ത് വെളിവാക്കുന്നതാണ്. കനത്ത മഞ്ഞ് മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ബിഎസ്എഫ് സൈനികൻ പുഷ്അപ്പ്സ് എടുക്കുന്ന ദൃശ്യങ്ങളാണ് സേന പുറത്തുവിട്ടത്. 40 സെക്കൻഡിനുള്ളിൽ 47 പുഷ്അപ്പുകളാണ് സൈനികൻ എടുക്കുന്നത്. അസഹനീയമായ കാലാവസ്ഥയെയും മഞ്ഞുപാളിയിൽ വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ടിനേയും അതിജീവിച്ചാണ് സൈനികൻ്റെ വ്യായാമം.

"40 സെക്കൻഡ്. 47 പുഷ്അപ്പുകൾ. ഫിറ്റ് ഇന്ത്യ ചലഞ്ച് "എന്ന അടിക്കുറിപ്പോടെയാണ് ബിഎസ്എഫ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയ വക്താവ് എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

Related Posts