4ജി വരിക്കാരുടെ എണ്ണം വർധിച്ചു; അറ്റാദായം 89.1 % ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 2,145 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ. അറ്റാദായം മുന്‍വർഷത്തേക്കാൾ 89.1 ശതമാനം വർദ്ധിച്ചു. 2022-23ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 33 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ കമ്പനി 1,607 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. 4ജി വരിക്കാരുടെ എണ്ണത്തിലെ വർദ്ധനവും വരുമാനവും എയർടെല്ലിന് ഗുണം ചെയ്തു. രണ്ടാം പാദത്തിൽ കമ്പനി 17.8 ദശലക്ഷം 4ജി ഉപഭോക്താക്കളെ ചേർത്തു. എയർടെൽ നിലവിൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5 ജി ബീറ്റാ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് പാദങ്ങളിലും കമ്പനി ലാഭം നേടിയിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ എയർടെല്ലിന്‍റെ ഏകീകൃത വരുമാനം 22 ശതമാനം ഉയർന്ന് 34,527 കോടി രൂപയായി. ഇന്ത്യയിൽ മാത്രം 24,333 കോടി രൂപയാണ് എയർടെല്ലിന്‍റെ വരുമാനം. ഒരു ഉപഭോക്താവിൽ നിന്ന് എയർടെൽ നേടുന്ന ശരാശരി വരുമാനം 24 ശതമാനം ഉയർന്ന് 190 രൂപയായി. സമീപഭാവിയിൽ ശരാശരി വരുമാനം 200 രൂപയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ എയർടെൽ താരിഫ് നിരക്ക് 20-25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 16 രാജ്യങ്ങളിലായി 501 ദശലക്ഷം ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്.

Related Posts