ഗുരുതര രോഗങ്ങളുള്ളവർക്ക് നാലാമത്തെ ഡോസ് നൽകാനൊരുങ്ങി ഇസ്രയേൽ; ലോകത്ത് ആദ്യം

കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള അധിക ഡോസിനെപ്പറ്റി ഇന്ത്യ ചിന്തിച്ചു തുടങ്ങുന്നതേയുള്ളൂ. ആരോഗ്യപരമായി ദുർബലരായ ജനവിഭാഗങ്ങൾക്ക് നാലാമത്തെ ഡോസ് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ. പ്രതിരോധശേഷി കുറഞ്ഞ, ഗുരുതര രോഗങ്ങൾ ഉള്ളവർക്കാണ് നാലാം ഡോസ് ആദ്യം നൽകുകയെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്റ്റർ ജനറൽ നാച്ച്മാൻ ആഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഗസ്റ്റിൽ ബൂസ്റ്റർ ഡോസ് ലഭിച്ച 150 ഓളം ആരോഗ്യ പ്രവർത്തകർക്ക് നൽകിയാണ് നാലാം ഡോസിൻ്റെ ക്ലിനിക്കൽ പരീക്ഷണം നടന്നത്. ഒരു വർഷം മുമ്പ് ഫൈസർ വാക്സിൻ ലോകത്ത് ആദ്യമായി നൽകിത്തുടങ്ങിയ രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ. കഴിഞ്ഞ വേനൽക്കാലത്ത് ബൂസ്റ്ററുകൾ നൽകിത്തുടങ്ങി.

ആരോഗ്യ മന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 9.5 ദശലക്ഷത്തോളം വരുന്ന ഇസ്രയേലി ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. കൂടാതെ 4.2 ദശലക്ഷം ജനങ്ങൾ മൂന്ന് ഡോസും സ്വീകരിച്ചിട്ടുണ്ട്.

Related Posts