കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ച് 5ജി; കേരളത്തിൽ ഒരിടത്ത് മാത്രം
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞു. എയർടെല്ലും ജിയോയും ഇന്ത്യയിൽ 5 ജി ലഭ്യമാക്കുന്ന ആദ്യ കമ്പനികളാണ്. 5 ജി സേവനങ്ങൾ ലഭ്യമാകുന്ന ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കി. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5 ജി സൗകര്യം എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള കൊച്ചിയും പട്ടികയിലുണ്ട്. എന്നാൽ 5 ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ 5ജി ഓരോ പ്രദേശങ്ങളിൽ മാത്രമാണ് എത്തിയത്. ഈ വർഷം ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് 5ജി പുറത്തിറക്കിയത്. തുടക്കത്തിൽ, എട്ട് പ്രധാന നഗരങ്ങളിൽ ചിലതിൽ മാത്രമാണ് 5 ജി എത്തിയത്. എന്നാൽ നവംബർ അവസാനത്തോടെ ഇത് 50 നഗരങ്ങളായി ഉയർന്നതായി കേന്ദ്രം ലോക്സഭയെ അറിയിച്ചു.