വൈദ്യുതി നിരക്കില്‍ 6.6% വര്‍ധന; പുതുക്കിയ നിരക്ക് ജൂലൈ മുതൽ
വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി പുതുക്കിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്‌ടഡ് ലോഡുള്ളവർക്ക് വർധനയില്ല. അടുത്ത ഒരു വർഷത്തേക്കുള്ള നിരക്ക് വർധനയാണ് പ്രഖ്യാപിച്ചത്.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. 51 മുതൽ 150 വരെ യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 25 പൈസയുടെ വർധനയുണ്ടാകും.
100 യൂണിറ്റ് വരെ പ്രതിമാസം 22.50 രൂപ വർധിക്കും.അനാഥാലയം, അങ്കണവാടി, വൃദ്ധസദനം എന്നിവിടങ്ങളിൽ നിരക്ക് വർധനയില്ല. മാരക രോഗികളുള്ള വീടുകൾക്കുള്ള ഇളവ് തുടരും. പെട്ടിക്കടകൾക്ക് കൂടുതൽ ആനുകൂല്യങ്ങളും റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈ മുതൽ പ്രാബല്യത്തിൽവരും.