സ്കാനിങ് മെഷീൻ വാങ്ങാൻ മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിന് 6.9 കോടി രൂപ
തൃശൂർ ഗവ മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിൽ ആർ എസ് ബി വൈ ഫണ്ട് പ്രയോജനപ്പെടുത്തി 1.5 ടെസ്ല ശേഷിയുള്ള ആധുനിക എം ആർ ഐ സ്കാനിങ് മെഷീൻ വാങ്ങുന്നതിനായി 6.9 കോടി രൂപയുടെ അനുമതി. നിലവിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനും ചെസ്റ്റ് ഹോസ്പിറ്റലിനും സ്വന്തമായി സ്കാനിങ് മെഷീനുകളില്ല. എച്ച് എൽ എൽ നിയന്ത്രണത്തിലുള്ള സ്കാനിങ് മെഷീനാണ് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നത്. ഇതിൻ്റെ ഉയർന്ന നിരക്കും സാങ്കേതിക പ്രശ്നങ്ങളും മൂലം ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഹോസ്പിറ്റലിൻ്റെ തന്നെ അധീനതയിൽ ഒരു എം ആർ ഐ സ്കാനിങ് മെഷീൻ വേണമെന്നുള്ളത് ദീർഘനാളത്തെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ചുകൊണ്ട് 2021 ആഗസ്റ്റ് 5ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, മെഡിക്കൽ കോളേജിൻ്റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ ഉന്നയിച്ച സബ്മിഷനിൽ ഹോസ്പിറ്റലിന് സ്വന്തമായി എം ആർ ഐ സ്കാനിങ് മെഷീൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എം എൽ യുടെ സാന്നിധ്യത്തിൽ ചേർന്ന ചെസ്റ്റ് ഹോസ്പിറ്റൽ എച്ച് ഡി എസ് യോഗത്തിൽ ഇത് ചർച്ച ചെയ്യുകയും ആർ എസ് ബി വൈ ഫണ്ടുപയോഗിച്ച് എം ആർ ഐ സ്കാനിങ് മെഷീൻ വാങ്ങാൻ അനുമതിയ്ക്കായി സർക്കാരിലേക്ക് അയക്കാനും എം എൽ എ യുടെ നിർദ്ദേശ പ്രകാരം തീരുമാനമെടുത്തു.
സ്കാനിങ് മെഷീൻ വാങ്ങുന്നതിനായി 6 കോടിയലധികം തുക ആവശ്യമുള്ളതിൽ ഇത്രയും തുക ആർ എസ് ബി വൈ ഫണ്ടിൽ നിന്നും നീക്കി വെക്കുന്നതിന് സർക്കാരിൻ്റെ അനുമതി വേണം. ഇതിനായി സർക്കാരിനെ സമീപിക്കുകയും തുടർന്ന് നടത്തിയ ഇടപെടലുകളാണ് അനുമതി നേടിയെടുക്കുന്നതിന് സഹായകമായത്. 1.5 ടെസ്ല ശേഷിയുള്ള ആധുനിക എം ആർ ഐ സ്കാനിങ് മെഷീനാണ് ചെസ്റ്റ് ഹോസ്പിറ്റൽ എച്ച് ഡി എസ്സിൻ്റെ നിയന്ത്രണത്തിൽ ലഭ്യമാകാൻ പോകുന്നത്. ഇത് മെഡിക്കൽ കോളേജിനെ സമീപിക്കുന്ന രോഗികൾക്ക് വലിയ തോതിൽ ഉപകാരപ്രദമാകും. വിപ്രോ ജി ഇ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് ആണ് സ്കാനിങ് മെഷീൻ എത്തിക്കുക.