പുതുച്ചേരിയിൽ 100 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം 7,000 രൂപ പെൻഷൻ
പുതുച്ചേരി: 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പ്രതിമാസം 7,000 രൂപ സഹായധനമായി അനുവദിക്കുമെന്ന് പുതുച്ചേരി സർക്കാർ. മുഖ്യമന്ത്രി എൻ രംഗസാമിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവും ഡി എം കെ അംഗവുമായ ആർ ശിവയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതുച്ചേരിയില്‍ നൂറോ അതിലധികമോ പ്രായമുള്ളവര്‍ വളരെ കുറവാണെന്നും ഇവര്‍ക്ക് എല്ലാമാസവും ഏഴായിരം രൂപ വീതം നല്‍കുമെന്നും എന്‍ രംഗസാമി കൂട്ടിച്ചേര്‍ത്തു. നൂറ് വയസ് പൂര്‍ത്തിയായ ഏഴ് പേര്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നും ഇവര്‍ക്ക് വനിതാ-ശിശു വികസന വകുപ്പ് വഴി ഈ തുക ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിച്ചേരിയില്‍ വനിതാ-ശിശു വികസനവകുപ്പിന്റെ ചുമതലയില്‍ വരുന്നതാണ് വാര്‍ധക്യപെന്‍ഷന്‍ വിതരണം. 95 നും 100 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിമാസം നൽകിവരുന്ന 3,500 രൂപ 4,000 രൂപയായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 15,000 ത്തോളം അപേക്ഷകൾ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ലഭിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.