ഇന്ത്യയിൽ ആദ്യം; 84 വയസ്സുകാരിക്ക് നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വൻ വിജയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഉദരത്തെയും ശ്വാസകോശത്തെയും വേർതിരിക്കുന്ന ഡയഫ്രമിലെ ഹെർണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൻകുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് സിടി സ്കാൻ വഴി കണ്ടെത്തി. രോഗിയുടെ പ്രായം ശസ്ത്രക്രിയയ്ക്ക് വെല്ലുവിളിയായിരുന്നു. ഡയഫ്രത്തിന്‍റെ കേടുപാടുകൾ പരിഹരിച്ച് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മെഷ് തുന്നിച്ചേർത്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി സുഖം പ്രാപിച്ചു വരികയാണ്.