85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കം; പങ്കെടുക്കുന്നത് 15,000 ത്തോളം പ്രതിനിധികൾ
ഡൽഹി: 85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ആരംഭിക്കും. പ്രതിപക്ഷ സഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ അവതരിപ്പിക്കും. നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പ്രവർത്തക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലെ റായ്പൂരാണ് പ്ലീനറി സമ്മേളനത്തിന് വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 15,000 ത്തോളം പ്രതിനിധികൾ പങ്കെടുക്കും. പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ മതിയെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്. വൈകിട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും. പ്രവർത്തക സമിതിയുടെ അംഗബലം വർധിപ്പിക്കുക, കമ്മിറ്റികളിൽ 50% യുവാക്കൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം നൽകുന്നത് ഉൾപ്പെടെ നിർണായക ഭരണഘടനാ ഭേദഗതികൾക്ക് സാധ്യതയുണ്ട്.