തൃശൂര്‍ ജില്ലയില്‍ 9 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ: ജില്ലയില്‍ 9 കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. എന്‍ എച്ച് എം വിഹിതമായ 7 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബാരോഗ്യ ഉപകേന്ദ്രത്തിനുമായി വിനിയോഗിച്ചിരിക്കുന്നത്. എഫ് എച്ച് സി മാമ്പ്രയുടെ കീഴില്‍ മേലഡൂര്‍ സബ് സെന്റര്‍, കൊടകരയില്‍ തേശ്ശേരി, പാമ്പൂരില്‍ പോട്ടോര്‍, അയ്യന്തോളില്‍ ചേറ്റുപുഴ, വല്ലച്ചിറയില്‍ കടലാശ്ശേരി, കുഴൂര്‍ എഫ് എച്ച് സിക്ക് കീഴില്‍ കുഴൂര്‍ സബ് സെന്റര്‍, മേത്തലയില്‍ വിപി തുരുത്ത്, ചൊവ്വന്നൂരില്‍ ചെമ്മന്തിട്ട, പൂമല എഫ് എച്ച് സിക്ക് കീഴില്‍ തിരൂര്‍ സബ് സെന്റര്‍ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. അന്നമനട പഞ്ചായത്തിലെ മേലഡൂർ ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു. കൊടകര തേശ്ശേരി കുടുംബാരോഗ്യകേന്ദ്രം പ്രവർത്തന ഉദ്ഘാടനം എം എൽ എ സനീഷ് കുമാർ നിർവഹിച്ചു.
കുടുംബാരോഗ്യ ഉപകേന്ദ്രമായി ഉയര്‍ത്തുമ്പോള്‍ നിലവില്‍ ലഭ്യമായ സേവനങ്ങള്‍ക്കൊപ്പം തന്നെ രോഗികള്‍ക്കായി കാത്തിരിപ്പുകേന്ദ്രം, ഹെല്‍ത്ത് ആന്റ് വെല്‍നെസ് ക്ലിനിക്, ഓഫീസ്മുറി, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ സേവനം, പ്രതിരോധ കുത്തിവെപ്പ് മുറി, മുലയൂട്ടല്‍ മുറി, കോപ്പര്‍ട്ടി ഇടുന്നതിനുള്ള മുറി, മരുന്നുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യം രോഗികള്‍ക്കുള്ള ശുചിമുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍, ജില്ലാ കലക്ടര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.