ജനറേറ്റർ അപകടം വരുത്തി, അച്ഛനമ്മമാരുടെ ജീവൻ രക്ഷിച്ച് 9 വയസ്സുകാരി
ജനറേറ്ററിൽനിന്ന് അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് പുറത്തുവന്നതിനെ തുടർന്ന് അബോധാവസ്ഥയിലായ അച്ഛനേയും അമ്മയേയും രക്ഷപ്പെടുത്തി ഒമ്പത് വയസ്സുകാരി. മസാച്യുസെറ്റ്സിലെ ബ്രോക്ടണിലാണ് ഒമ്പത് വയസ്സുകാരി ജയ്ലിൻ ബാർബോസ ബ്രാൻഡോയുടെ മനസാന്നിധ്യം അച്ഛനമ്മമാർക്ക് തുണയായത്.
നോർ'ഈസ്റ്റർ ചുഴലിക്കാറ്റിൽ പ്രദേശത്താകെ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. നാല് ദിവസത്തോളമായി കറന്റില്ലാത്തതിനാലാണ് ജനറേറ്റർ വാടകയ്ക്ക് എടുത്തത്. അസഹനീയമായ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങിയതോടെ ജനറേറ്റർ ഓഫാക്കി. എന്നാൽ തലവേദനയും തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ട അച്ഛനും അമ്മയും അതിവേഗം അബോധാവസ്ഥയിലായി.
എമർജൻസി സർവീസിലേക്ക് വിളിക്കാനുള്ള പരിശീലനം നേരത്തേ കുഞ്ഞിന് നൽകിയിരുന്നു. അതുപ്രകാരം കുട്ടി അച്ഛന്റെ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്യാൻ ശ്രമിച്ചെങ്കിലും ഐ ഫോൺ ലോക്ക് ആയിരുന്നു. ഉടനടി ബോധമറ്റു കിടക്കുന്ന അച്ഛന്റെ മുഖത്തേക്ക് ഫോൺ തിരിച്ച് ഫേസ് അൺലോക്ക് ഓപ്ഷൻ ഉപയോഗിച്ച് കുട്ടി ഫോൺ അൺലോക്ക് ചെയ്തു. ഒട്ടും സമയം കളയാതെ എമർജൻസി നമ്പറിൽ വിളിച്ച് സഹായം തേടി. ഞൊടിയിടയിൽ മെഡിക്കൽ ആംബുലൻസ് സംഘം വീട്ടിലെത്തി കുട്ടിയേയും കുടുംബാംഗങ്ങളേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
150-200 പിപിഎം അളവിലുള്ള കാർബൺ മോണോക്സൈഡ് തന്നെ മരണ കാരണമാകുമെന്നും കേടായ ജനറേറ്ററിൽനിന്ന് പുറത്തുവന്നത് 1000 പിപിഎം എന്ന അതിമാരകമായ അളവിലുള്ള വാതകമാണെന്നും അധികൃതർ പറഞ്ഞു. കുട്ടി അപകടത്തിൽ പെടാതിരുന്നതും സമയോചിതമായ അവളുടെ ഇടപെടലും മൂലമാണ് അച്ഛന്റെയും അമ്മയുടേയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.