വി എസിന് 98-ാം പിറന്നാൾ

വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാൾ. പതിവുപോലെ ലളിതമായാണ് ഇത്തവണത്തെയും പിറന്നാൾ ആഘോഷങ്ങൾ. കഴിഞ്ഞ രണ്ടു വർഷക്കാലമായി പൊതുജീവിതത്തിൽ നിന്ന് വി എസ് പൂർണമായും ഒഴിഞ്ഞു നിൽക്കുകയാണ്. എങ്കിലും പത്രവാർത്തകൾ വായിച്ചുകേട്ടും ടെലിവിഷൻ കണ്ടും സമകാലീന സംഭവങ്ങളോട് പ്രതികരിച്ചുമാണ് 98-ാം വയസ്സിലും വി എസ് മുന്നോട്ട് നീങ്ങുന്നത്. ശാരീരിക അവശതകൾമൂലം വീൽച്ചെയറിലാണ് വീട്ടിനകത്തും സഞ്ചരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്രയിൽ 1923 ഒക്ടോബർ 20-നാണ് വി എസ് ജനിച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിലച്ചു. ജൗളിക്കടയിലും കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തന പ്രക്ഷോഭ കാലത്താണ് സ്റ്റേറ്റ് കോൺഗ്രസിൽ ചേരുന്നത്. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തേക്ക് കടന്ന വി എസ് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. പുന്നപ്ര വയലാർ സമരകാലത്ത് ക്രൂരമായ പൊലീസ് മർദനത്തിനിരയായ അദ്ദേഹം പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സമരഭരിതവും സംഭവ ബഹുലവുമാണ് വി എസിൻ്റെ ജീവിതം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി പദം മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ വരെ നീളുന്ന അദ്ദേഹത്തിൻ്റെ പാർട്ടി ജീവിതം സമാനതകൾ ഇല്ലാത്തതാണ്. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സി പി ഐ എം രൂപീകരിച്ചവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വി എസ്. മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു പതിറ്റാണ്ടിലേറെക്കാലം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നിട്ടുണ്ട്. 2006-ൽ മുഖ്യമന്ത്രിയാകുമ്പോൾ വി എസിന് 83 വയസ്സായിരുന്നു.

കഴിഞ്ഞ രണ്ടു വർഷക്കാലമായി പൂർണമായ വിശ്രമ ജീവിതത്തിലാണ് വി എസ്. 2019 ഒക്ടോബറിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വി എസിന് ഡോക്ടർമാർ വിശ്രമ ജീവിതം നിർദേശിക്കുകയായിരുന്നു. ഈ വർഷം ജനുവരിയിൽ ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ പദവി ഒഴിഞ്ഞിരുന്നു.

Related Posts