ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാലു വർഷം തടവ്
അമേരിക്ക: പോപ്പ് ഗായിക ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച കേസിൽ, 20കാരനായ ജയ്‌ലിൻ കെയ്ഷോൺ വൈറ്റിനെ നാല് വർഷം തടവിന് ശിക്ഷിച്ചു. കേസിലെ മൂന്ന് പ്രതികളിൽ ഒരാളാണ് ഇയാൾ. നിലവിൽ മറ്റൊരു കവർച്ചാ കേസിലെ പ്രതിയാണ്. നേരത്തെ വധശ്രമം, കവർച്ച, ഗൂഢാലോചന എന്നീ കേസുകളിൽ ഇയാൾ അറസ്റ്റിലായിരുന്നു. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലേഡി ഗാഗയ്ക്ക് ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽ പെട്ട മൂന്ന് നായ്ക്കൾ ഉണ്ടായിരുന്നു, കോജി, ഗുസ്താവ്, മിസ് ഏഷ്യ. ഇവയെ പരിചരിക്കുന്ന റയാൻ ഫിഷർ എന്ന യുവാവ് നായ്ക്കളെയുംകൊണ്ട് നടക്കാനിറങ്ങിയപ്പോൾ കാറിൽ എത്തിയ അഞ്ജാതസംഘം തടഞ്ഞു. തുടർന്ന് ഫിഷറിന് നേരെ വെടിയുതിർക്കുകയും രണ്ട് നായ്ക്കളുമായി കടന്നുകളയുകയായിരുന്നു. രക്ഷപ്പെട്ട മിസ് ഏഷ്യ എന്ന നായയെ പിന്നീട് പോലീസ് കണ്ടെത്തി. റയാൻ ഫിഷറിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്. ലേഡി ഗാഗ തന്നെയാണ് നായ്ക്കളെ മോഷ്ടിച്ച വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തുടർന്ന് ഇവരെ കണ്ടെത്തുന്നവർക്ക് 3.5 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പ്രദേശവാസിയായ സ്ത്രീ നായ്ക്കളെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ എത്തിച്ചു . ലേഡി ഗാഗ വാഗ്ദാനം ചെയ്ത തുക പിന്നീട് യുവതിക്ക് കൈമാറി.