കാനഡയിലെ സബ്‌വേ സ്റ്റേഷനിൽ 21 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു

കാനഡയിൽ ടൊറന്റോ നഗരത്തിലെ ഒരു സബ്‌വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. 21 വയസ്സുള്ള കാർത്തിക് വാസുദേവാണ് കൊല്ലപ്പെട്ടത്. സെന്റ് ജെയിംസ് ടൗണിലെ ഷെർബോൺ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെൻ റോഡ് പ്രവേശന കവാടത്തിൽ വച്ചാണ് കാർത്തിക്കിന് ​വെടിയേറ്റത്. ദേഹത്ത് വെടിയുണ്ടകൾ ഏറ്റതിൻ്റെ നിരവധി പാടുകളുണ്ട്.

​​ഒരു ഓഫ് ഡ്യൂട്ടി പാരാമെഡിക്കിൽ നിന്ന് വൈദ്യസഹായം സ്വീകരിച്ചതിനു ശേഷം കാർത്തിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ചികിത്സയ്ക്കിടെയാണ് അദ്ദേഹം മരിച്ചതെന്നും ടൊറന്റോ പൊലീസ് സർവീസ് പ്രസ്താവനയിൽ പറഞ്ഞു.

ടൊറൻ്റോയിലെ സെനെക കോളെജിൽ മാർക്കറ്റിങ്ങ് മാനേജ്മെൻ്റ് ഒന്നാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു മരിച്ച കാർത്തിക്. സബ്‌വേയിലൂടെ പാർട്ട് ടൈം ജോലിക്കായി പോകുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. ജനുവരിയിലാണ് അദ്ദേഹം കാനഡയിൽ എത്തിയത്. അഞ്ചടി ഏഴ് ഇഞ്ച് വരെ ഉയരമുള്ള ഇടത്തരം ശരീരപ്രകൃതിയുള്ള കറുത്തവർഗക്കാരനായ പുരുഷനാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Related Posts