ഇറാഖിൽ 2,700 വർഷം പഴക്കമുള്ള വീഞ്ഞ് ഫാക്റ്ററി കണ്ടെത്തി
2,700 വർഷം പഴക്കമുള്ള അസീറിയൻ രാജാക്കന്മാരുടെ ഭരണകാലത്തെ വലിയ വൈൻ ഫാക്റ്ററി ഇറാഖിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകരുടെ വെളിപ്പെടുത്തൽ. ദോഹൂക്കിനടുത്തുള്ള ഖിനിസിലാണ് കണ്ടെത്തൽ നടന്നിട്ടുള്ളത്.
ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ, എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഉള്ള സെൻഹേരിബിന്റെ ഭരണകാലത്താണ് വൈൻ ഫാക്റ്ററി നിർമിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. വെളുത്ത പാറകളിൽ കൊത്തിയെടുത്ത ഭീമാകാരമായ ബേസിനുകളാണ് കണ്ടെത്തിയിരിക്കുന്നത്. മുന്തിരിച്ചാറ് പിഴിഞ്ഞെടുക്കാനുള്ള പതിനാലോളം പടുകൂറ്റൻ ഇൻസ്റ്റലേഷനുകളും കണ്ടെടുത്തിട്ടുണ്ട്. വ്യാവസായികമായി വൈൻ നിർമിക്കാൻ ഉപയോഗിച്ച
ഫാക്റ്ററിയാവാം ഇതെന്ന് ഇറ്റലിയിലെ യൂഡിൻ യൂണിവേഴ്സിറ്റിയിലെ നിയർ ഈസ്റ്റേൺ ആർക്കിയോളജി പ്രൊഫസർ മൊറാണ്ടി ബൊണകോസി പറഞ്ഞു. ഇറാഖിൽ ആദ്യമായാണ് ഇത്തരമൊരു കണ്ടെത്തൽ.
വടക്കൻ ഇറാഖിലെ ഇറിഗേഷൻ കനാലുകളുടെ ചുമരുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലിൽ കൊത്തിവെച്ച മട്ടിലുള്ള ശില്പങ്ങളും കണ്ടെത്തിയിട്ടുണ്ട്. രാജാക്കന്മാർ ദൈവത്തോട് പ്രാർഥിക്കുന്ന മട്ടിലുള്ളതാണ് 9 കിലോമീറ്റർ നീളമുള്ള കനാലിൻ്റെ ചുമരിൽ കൊത്തിവെച്ച
കൽശിൽപ്പങ്ങൾ. ഇറാഖിൽ, പ്രത്യേകിച്ച് കുർദിസ്താനിൽ പലയിടത്തു നിന്നും ഇത്തരം ശിൽപ്പങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും അവയൊന്നും ഇത്രയേറെ വലിപ്പമുള്ളതല്ലെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.