ബജറ്റിലെ നികുതി വർദ്ധന; അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു
അങ്കമാലി: അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വിമർശിക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് വർഷത്തിലേറെയായി 12 വകുപ്പുകൾ 7,100 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നികുതി ഘടനയിലും നിരക്ക് നിർണയത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോർട്ട് സർക്കാരിന് തിരിച്ചടിയാണ്. സംസ്ഥാനത്തെ മൊത്തം റവന്യൂ കുടിശ്ശിക 21,797 കോടി രൂപയാണ്. സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 22.33 ശതമാനമാണിത്. 1952 മുതൽ എക്സൈസ് വകുപ്പ് വരുത്തിയ കുടിശ്ശികയും ഇക്കൂട്ടത്തിലുണ്ട്. എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സർക്കാരിലെത്തിയ 1,905 കോടിയുടെ കാര്യത്തിലും തുടർ നടപടിയുണ്ടായിട്ടില്ല. 6,143.28 കോടി രൂപയാണ് വിവിധ സ്റ്റേകളിൽ പെട്ടുകിടക്കുന്നത്. രണ്ട് രൂപയുടെ ഇന്ധന സെസിലൂടെ 750 കോടി രൂപ ധനമന്ത്രാലയം പ്രതീക്ഷിക്കുമ്പോൾ, 7,000 കോടി രൂപയുടെ വൻ കുടിശ്ശിക സ്റ്റേ ഒഴിവാക്കി തുക ഈടാക്കാൻ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കുടിശ്ശിക പിരിച്ചെടുക്കാൻ തുടർനടപടികൾക്കായി ഡാറ്റാബേസ് തയ്യാറാക്കണമെന്നും സി.എ.ജി റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.