ചാവക്കാട് നഗരസഭയിൽ ശുചീകരണ യജ്ഞം നടത്തി

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക്  നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് വഞ്ചിക്കടവ് റോഡിൽ നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് എം എൽ എ തുടക്കം കുറിച്ചു.

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ എത്തുന്ന അതിഥി തൊഴിലാളിയെ പൊന്നാട അണിയിച്ചു ഉപഹാരം നൽകി ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ആദരിച്ചു. പ്രകൃതിക്കും ജലാശയത്തിനും  ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകൾ മഴ വെള്ളത്തിലൂടെ ഒഴുകി ജലാശയത്തിൽ എത്തുന്നത് തടയാൻ ഇത്തരം ആളുകളുടെ പ്രവർത്തനം സഹായകരമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി എസ് അബ്ദുൾ റഷീദ്, എ വി മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം ഷെമീർ എന്നിവർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന അംഗങ്ങൾ, വിദ്യാർത്ഥികൾ, നഗരസഭ കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം  ജീവനക്കാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Related Posts