കെ-റെയിൽ വിരുദ്ധ ലേഖന സമാഹാരം 'അതിവേഗ കടപ്പാതകൾ' ഇന്ന് പുറത്തിറങ്ങും; പ്രകാശനം റഫീക്ക് അഹമ്മദ്
കെ-റെയിൽ വിരുദ്ധ ലേഖനങ്ങളുടെ സമാഹാരമായ അതിവേഗ കടപ്പാതകൾ എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. പ്രശസ്ത കവി റഫീക്ക് അഹമ്മദാണ് പ്രകാശനം നിർവഹിക്കുന്നത്. കെ-റെയിൽ വിരുദ്ധ കവിത രചിച്ചതിൻ്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ ആക്രമണം നേരിട്ട വ്യക്തിയാണ് റഫീക്ക് അഹമ്മദ്. കെ-റെയിൽ ബാധിത സമര പ്രവർത്തകർക്ക് ആദ്യ കോപ്പി സമ്മാനിച്ചു കൊണ്ടാണ് പ്രകാശനം.
ട്രാൻസിഷൻ സ്റ്റഡീസാണ് പുസ്തകത്തിൻ്റെ പ്രസാധകർ. 'അതിവേഗ കടപ്പാതകൾ- പശ്ചാത്തല സൗകര്യം പൊതുധനകാര്യം പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമർശം' എന്നാണ് പുസ്തകത്തിൻ്റെ പൂർണരൂപത്തിലുള്ള തലക്കെട്ട്. കെ പി കണ്ണൻ, കെ ടി റാംമോഹൻ, ജി മധുസൂദനൻ, സി ആർ നീലകണ്ഠൻ, എം സുചിത്ര, ജയരാമൻ സി, ജോൺ ജോസഫ്, കെ പി സേതുനാഥ്, കെ രാജഗോപാൽ, എൻ സുബ്രഹ്മണ്യൻ, പി കൃഷ്ണകുമാർ, എസ് രാജീവൻ, കെ ആർ അജിതൻ, ശരണ്യാ രാജ്, സ്മിത പി കുമാർ, നീതു ദാസ്, കെ സഹദേവൻ എന്നിവരാണ് ലേഖകർ.
കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാണ് കെ-റെയിൽ വരുത്തിവെയ്ക്കുന്നത് എന്നാണ് ലേഖനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെ കണക്കിലെടുക്കാതെയുള്ള വികസന പ്രവർത്തനങ്ങൾ ഭാവി കേരളത്തെ ഏതു വിധത്തിൽ ബാധിക്കും എന്ന വിലയിരുത്തൽ കൂടിയായി പുസ്തകം മാറും.
കേരളത്തിലെ ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാർക്ക് സ്നേഹ സമ്മാനമായി പുസ്തകം നൽകുന്നു എന്ന വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു. യു എ പി എ കേസിൽ അകപ്പെട്ട് വർഷങ്ങളായി ജയിലിൽ കഴിയുന്നവരും സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്തതിന് റിമാൻ്റിൽ കഴിയുന്നവരുമായ അമ്പതോളം രാഷ്ട്രീയ തടവുകാർക്കാണ് പുസ്തകം ഉപഹാരമായി നൽകുന്നത്.