പുള്ളിപ്പുലിയെ തലോടുന്ന പശു; 21 വർഷം മുൻപുള്ള ചിത്രം വീണ്ടും വൈറൽ

വഡോദര: പലപ്പോഴും വിസ്മൃതിയിലേക്ക് വഴുതിവീണ പല കാര്യങ്ങളും നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ്. ഇവയിൽ നമ്മുടെ പ്രിയപ്പെട്ട ദിവസങ്ങൾ, ഇവന്‍റുകൾ, ആളുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും നിറയുന്നു. 21 വർഷങ്ങൾക്ക് ശേഷം അത്തരത്തിൽ വലിയ സ്വീകാര്യത ലഭിച്ച ഒരു ചിത്രം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സാമാന്യ ബുദ്ധിയിൽ ചിന്തിക്കാൻ പോലും ആകാത്ത ഒരു കാര്യമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പുള്ളിപ്പുലിയുടെ കുഞ്ഞിനെ ചേർത്തുപിടിച്ച് തലോടുന്ന ഒരു പശുവിന്‍റെ ചിത്രമായിരുന്നു അത്. ഒരു പ്രകോപനവും കൂടാതെ പുള്ളിപ്പുലി പശുവിനരികിൽ സൗമ്യമായി കിടക്കുന്നു.  21 വർഷം മുമ്പ് ചിത്രം ആദ്യമായി മാധ്യമങ്ങളിൽ വന്നപ്പോൾ ആളുകൾ അമ്പരപ്പോടെയായിരുന്നു സ്വീകരിച്ചത്.  ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കാഴ്ചയായിരുന്നു അത്. പുള്ളിപ്പുലി പശുവിനെ സമീപിക്കുമ്പോൾ ഗ്രാമവാസികൾ ആദ്യം ഭയപ്പെട്ടിരുന്നു. എന്നാൽ പശു അൽപം പോലും ഭയം കാണിച്ചില്ല. മാത്രമല്ല, പുള്ളിപ്പുലി ഒരിക്കൽ പോലും പശുവിനെയോ മറ്റാരെയെങ്കിലുമോ ആക്രമിക്കാൻ ധൈര്യപ്പെട്ടില്ല. അത് ശാന്തമായി വന്ന് പശുവിനരികിൽ നിന്നു. പശു അതിനെ തലോടുകയും ചെയ്തു. പിന്നീട് അതൊരു പതിവാക്കുകയും ചെയ്തു. പുള്ളിപ്പുലിയും പശുവും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്‍റെ ചിത്രവും കഥയും ആദ്യം പ്രത്യക്ഷപ്പെട്ടത് ടൈംസ് ഓഫ് ഇന്ത്യ വെബ്സൈറ്റിലാണ്. ഇപ്പോഴിതാ ഈ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.



Related Posts