ബഫര്‍ സോണില്‍ നിര്‍ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുൻ സർക്കാർ ഉത്തരവിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. 2019ൽ സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ബഫർ സോൺ സ്ഥാപിക്കാൻ കഴിയും. ഇത് പിന്‍വലിക്കണോ അതോ ഭേദഗതി ചെയ്യണോ എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള 2020ലെ മന്ത്രിസഭാ തീരുമാനവും ഭേദഗതികളോടെ പരിഗണനയിലാണ്. ജനവാസ മേഖല മുഴുവൻ ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണനയ്ക്ക് വന്നേക്കും. വിഷയത്തിൽ 2019ലെ മന്ത്രിസഭാ തീരുമാനം തിരുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. വനമേഖലയുടെ ഒരു കിലോമീറ്റർ വരെ വനാതിർത്തിക്ക് പുറത്തുള്ള സംരക്ഷിത പ്രദേശമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. വിഷയത്തിൽ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പുനഃപരിശോധിക്കുന്നത്.