കൊച്ചിയില്‍ നിന്നും ഒരു കിടിലന്‍ ക്രൂയിസ് യാത്രയ്ക്ക് ഒരുങ്ങിക്കോളൂ! ആഢംബര പാക്കേജുകളുമായി ഐആര്‍സിടിസി; ഗോവ മുതല്‍ ലക്ഷദ്വീപ് വരെ

ഐആർസിടിസിയുടെ ആഡംബര പാക്കേജുകളിലൂടെ കൊച്ചിയില്‍ നിന്നും ഒരു അടിപൊളി ക്രൂയിസ് യാത്ര. സഞ്ചാരികള്‍ അധികമായി പരീക്ഷിക്കാത്ത യാത്രാ മേഖലകളില്‍ ഒന്നാണ് ക്രൂയിസ് യാത്രകള്‍. മികച്ച നിലവാരത്തില്‍ സമ്പൂർണ സേവനവും ആതിഥ്യമര്യാദയും ഉറപ്പു വരുത്തുന്ന ഐആര്‍സിടിസി അന്തർദേശീയ, ആഭ്യന്തര ക്രൂയിസ് യാത്രകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
റിവര്‍ ക്രൂയിസ്, സീ ക്രൂയിസ് എന്ന രണ്ടു വിഭാഗങ്ങളിലായാണ് ഐആര്‍സിടിസി സര്‍വ്വീസുകൾ നടത്തുന്നത്. കൊൽക്കത്ത, ഗംഗ, ബ്രഹ്മപുത്ര, ചിൽക്ക, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ നദികളിലൂടെ നിങ്ങൾക്ക് ഏറ്റവും ആകർഷകമായ യാത്ര ഐആര്‍സിടിസി റിവര്‍ ക്രൂയിസ് ഉറപ്പു വരുത്തുന്നുണ്ട്.
സമുദ്രത്തിലെ യാത്രാനുഭവങ്ങളും ആഢംബരയാത്രയുമാണ് സീ ക്രൂയിസിന്റെ പ്രത്യേകത. ലോകോത്തര ഭക്ഷണവും, സമൃദ്ധമായ അനുഭവങ്ങൾ നിറഞ്ഞ സമാനതകളില്ലാത്ത ഒരു യാത്രയാണ് ഇതുവഴി സഞ്ചാരികള്‍ക്ക് ലഭിക്കുക.

ഐആര്‍സിടിസിയുടെ കൊച്ചിയില്‍ നിന്നും ഈ വര്‍ഷം ചാര്‍ട്ട് ചെയ്തിരിക്കുന്ന ക്രൂയിസ് ഷിപ്പ് യാത്രകളും അതിന്‍റെ പ്രത്യേകതകളും.
ക്രൂയിസ് ഫ്രം കൊച്ചി-കോര്‍ഡേലിയ ക്രൂയിസ്
മൂന്ന് രാത്രിയും നാലു പകലും നീണ്ടു നില്‍ക്കുന്ന ക്രൂയിസ് ഫ്രം കൊച്ചിയാണ് പട്ടികയില്‍ ഒന്നാമതുളളത്. മാര്‍ച്ച് 9-ാം തിയ്യതി ബുധനാഴ്ചയാണ് മാര്‍ച്ചിലെ ഈ ക്രൂയിസിന്‍റെ യാത്ര ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് തരത്തിലുള്ള താമസ സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 9ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കപ്പല്‍ കൊച്ചി തീരം വിടും.
രണ്ടാം ദിവസം, മാര്‍ച്ച് 10ന് രാവിലെ എട്ടു മണിയോടെ ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ കപ്പല്‍ എത്തിച്ചേരും. ദമ്പതികള്‍, ഒറ്റയ്ക്കു യാത്ര ചെയ്യുന്നവര്‍, കുടുംബവും സുഹൃത്തുക്കളുമൊന്നിച്ച് യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ എല്ലാ തരത്തിലുള്ള സഞ്ചാരികള്‍ക്കും പറ്റിയ ഇടമാണിത്. അന്നു തന്നെ വൈകിട്ട് ആറു മണിയോടെ ഇവിടെ നിന്നും കപ്പല്‍ തിരിക്കും. മൂന്നാം ദിവസം, മാർച്ച് 11ന് കപ്പൽ കടലില്‍ തന്നെയായിരിക്കും. കപ്പലില്‍ ഒരുക്കിയിരിക്കുന്ന ലോകോത്തര സൗകര്യങ്ങള്‍ ഈ ദിവസം ആസ്വദിക്കാം. നാലാം ദിവസം, മാര്‍ച്ച് 12ന് രാവിലെ 9.00 മണിക്ക് കപ്പല്‍ മുംബൈയിലെത്തും.

ഈ യാത്ര മാര്‍ച്ച് 23 നും നടത്തുന്നുണ്ട്. മാര്‍ച്ച് 23 ന് ആരംഭിച്ച് 26ന് മുംബൈയില്‍ എത്തുന്ന വിധത്തിലാണിത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഏപ്രില്‍ 6നും ഏപ്രില്‍ 20നും മെയ് 4നും മെയ് 18നും കൊച്ചിയില്‍ നിന്നും യാത്ര പുറപ്പെടുന്നുണ്ട്.
ക്രൂയിസിന്റെ മറ്റൊരു യാത്രയാണ് ലക്ഷദ്വീപ് ആന്‍ഡ് ഗോവ ക്രൂയിസ്- കോര്‍ഡേലിയ ക്രൂയിസ്
നാല് രാത്രിയും അഞ്ച് പകലുമുള്ള ലക്ഷദ്വീപ് ആന്‍ഡ് ഗോവ ക്രൂയിസ് യാത്ര മാര്‍ച്ച് 9ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ കൊച്ചിയില്‍ നിന്നും ആരംഭിക്കും. അന്ന് മുഴുവന്‍ കപ്പല്‍ കാണുവാനും വൈകുന്നേരം ലൗഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ ആസ്വദിക്കുവാനും റസ്റ്റോറന്‍റുകള്‍ പരീക്ഷിക്കുവാനും സമയം ചിലവഴിക്കാം. രണ്ടാം ദിവസം അതായത് മാര്‍ച്ച് പത്തിന് രാവിലെ എട്ടു മണിയോടെ കപ്പല്‍ ലക്ഷദ്വീപിലെത്തും. അന്ന് വൈകിട്ട് ആറു മണി വരെ ഇവിടെ ചിലവഴിക്കാം. അതിനു ശേഷം കപ്പല്‍ മുംബൈയ്ക്ക് പുറപ്പെടും. മാര്‍ച്ച് 12 ശനിയാഴ്ച മുഴുവന്‍ ദിവസം കപ്പല്‍ യാത്രയിലായിരിക്കും. പൂള്‍ ബാറും കാസിനോയും ഒക്കെ പരീക്ഷിക്കുവാന്‍ പറ്റിയ ദിവസം കൂടിയാണിത്. യാത്രയുടെ നാലാം ദിവസം കപ്പല്‍ മുംബൈയിലെത്തും. മുന്‍കൂട്ടി തയ്യാറാക്കിയ യാത്രാ പ്ലാനനുസരിച്ച് അന്നേ ദിവസം കറക്കം. പ്രധാനപ്പെട്ട ഇടങ്ങളും ചരിത്ര സ്മാരകങ്ങളും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ കപ്പല്‍ ഗോവയ്ക്കു തിരിക്കും. അഞ്ചാം ദിവസം 11 മണിയോടെ കപ്പല്‍ ഗോവയിലെത്തും.

ഈ യാത്ര മാര്‍ച്ച് 23 നും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 23 ന് ആരംഭിച്ച് 27ന് ഗോവയില്‍ എത്തുന്ന വിധത്തിലാണിത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഏപ്രില്‍ ആറിനും ഏപ്രില്‍ 20 നും മെയ് നാലിനും മെയ് 18നും കൊച്ചിയില്‍ നിന്നും യാത്ര പുറപ്പെടുന്നു.
ഇന്‍റീരിയര്‍, ഓഷ്യന്‍ വ്യൂവ്, ബാല്‍ക്കണി, സ്വീറ്റ് റൂം, ചെയര്‍മാന്‍സ് സ്യൂട്ട് എന്നിങ്ങനെ അഞ്ച് തരത്തിലുള്ള താമസ സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്‍റീരിയര്‍ എന്നറിയപ്പെടുന്ന റൂമാണ് കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ തുകയില്‍ ലഭ്യമാകുന്നത്. ടിക്കറ്റ് നിരക്ക് 29000 മുതൽ 200000 വരെയാണ്. തിരഞ്ഞെടുക്കുന്ന അക്കോമൊഡേഷന്‍ സൗകര്യം അനുസരിച്ച് ലഭിക്കുന്ന സേവനങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. ടിക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത് താമസ സൗകര്യം ഫുഡ് കോർട്ട് & സ്റ്റാർലൈറ്റ് റെസ്റ്റോറന്റിലെ എല്ലാ ഭക്ഷണങ്ങളും, നീന്തൽക്കുളത്തിലേക്കുള്ള പ്രവേശനം ഫിറ്റ്നസ് സെന്ററിലേക്കുള്ള ആക്സസ് എല്ലാ പൊതു ഇടങ്ങളിലേക്കും ലോഞ്ചുകളിലേക്കും പ്രവേശനം,വിനോദ പരിപാടികൾ, കാസിനോയിലേക്കുള്ള പ്രവേശനം, കുട്ടികൾക്കുള്ള കോർഡെലിയ അക്കാദമിയിലേക്കുള്ള പ്രവേശനം, ഇൻഷുറൻസ്, ഡിജെയും പൂൾ പാർട്ടിയും, ബല്ലേ ബല്ലേ, സിനിമകളിലൂടെ ഇന്ത്യ എന്നിവയാണ് അടിസ്ഥാന സൗകര്യങ്ങള്‍. ടിക്കറ്റ് നിരക്കിലെ വ്യത്യാസമനുസരിച്ച് മറ്റുള്ളവയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. കാര്യങ്ങള്‍ അടിസ്ഥാന ടിക്കറ്റില്‍ ലഭിക്കും.