കോടതി മുറിയിലെ സ്‌ഫോടനത്തിൽ പ്രതിയായ പ്രതിരോധ ശാസ്ത്രജ്ഞൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡൽഹിയിലെ രോഹിണി കോടതിയിൽ സ്ഫോടക വസ്തുക്കൾ എത്തിച്ച്, തനിക്കെതിരെ കേസ് കൊടുത്ത അയൽക്കാരനെ ഒരു സ്ഫോടനത്തിലൂടെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിരോധ ശാസ്ത്രജ്ഞൻ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചിമുറിയിൽ നിന്ന് ഹാൻഡ് വാഷ് കുടിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിലവിൽ എയിംസിൽ ചികിത്സയിലാണ്.
ഡിഫൻസ് റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) മുതിർന്ന ശാസ്ത്രജ്ഞനാണ് ഭരത് ഭൂഷൺ കട്ടാരിയ (47). അയൽക്കാരൻ അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിരുന്നു. അയൽക്കാരൻ എത്തുന്ന ദിവസം അയാളെ കൊല്ലാൻ ടിഫിൻ ബോക്സിൽ ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) നിറച്ച് രോഹിണി കോടതി മുറിയിൽ വെയ്ക്കുകയായിരുന്നു. സ്ഫോടനം നടന്നെങ്കിലും ഡിറ്റൊണേറ്റർ മാത്രമാണ് കത്തിയത്. ഒരാൾക്ക് പരിക്കേറ്റു. ശരിയായി അസംബ്ൾ ചെയ്യാത്തതിനാലാണ് ശാസ്ത്രജ്ഞൻ ഉദ്ദേശിച്ച രീതിയിലുള്ള സ്ഫോടനം നടക്കാതെ പോയത്.
വെളളിയാഴ്ച കസ്റ്റഡിയിലെടുത്ത ആളെ അന്നുതന്നെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയായിരുന്നു. അതിനിടയിലാണ് ആത്മഹത്യാ ശ്രമം നടന്നിരിക്കുന്നത്.