സാമന്തയ്‌ക്കായി ക്ഷേത്രം നിർമിച്ച് ആരാധകൻ; പിറന്നാൾ സമ്മാനം

ബപട്‌ല (ആന്ധ്രപ്രദേശ്): തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയ്‌ക്ക് വേണ്ടി ക്ഷേത്രം നിർമിച്ച് ആരാധകൻ. ആന്ധ്രപ്രദേശിലെ ബപട്‌ല ജില്ലയിലെ സുന്ദൂർ മണ്ഡലത്തിലെ ആലപ്പാട് സ്വദേശിയായ സന്ദീപ് എന്നയാളാണ് ഇഷ്‌ട നടിക്കായി സ്വന്തം വീട്ടുമുറ്റത്ത് ക്ഷേത്രം തന്നെ പണിതത്. സാമന്തയുടെ പിറന്നാൾ ദിനമായ ഏപ്രിൽ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകൻ വ്യക്‌തമാക്കിയിട്ടുള്ളത്. സാമന്തയുടെ അഭിനയത്തോടൊപ്പം തന്നെ താരം നടത്തുന്ന സേവന പ്രവർത്തനങ്ങളുടേയും വലിയ ആരാധകനാണ് താനെന്നാണ് സന്ദീപ് വ്യക്‌തമാക്കുന്നത്. പ്രത്യുഷ ഫൗണ്ടേഷൻ വഴി കുട്ടികൾക്കായി ഹൃദയ ശസ്ത്രക്രിയകൾ ഉൾപ്പെടെ സാമന്ത നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ തന്നെ ആകർഷിച്ചുവെന്നാണ് സന്ദീപ് പറയുന്നത്. രോഗബാധിതരായ കുട്ടികൾക്ക് പുനർജന്മം നൽകുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ സാമന്തയോടുള്ള ആരാധന ഇരട്ടിയായെന്നും സന്ദീപ് വ്യക്‌തമാക്കുന്നു. വീട്ടുവളപ്പിൽ നിർമ്മാണം നടക്കുന്ന ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനായി സാമന്തയുടെ ഒരു വിഗ്രഹവും ഇയാൾ നിർമ്മിച്ചിട്ടുണ്ട്. സാമന്തയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും എങ്കിൽ പോലും താരത്തോടുള്ള കടുത്ത ആരാധന കൊണ്ടാണ് ക്ഷേത്രം പണിയാൻ തീരുമാനിച്ചതെന്നുമാണ് സന്ദീപ് പറയുന്നത്. നിലവിൽ ഹോളിവുഡ് സിരീസായ സിറ്റാഡെലിന്‍റെ ഇന്ത്യൻ പതിപ്പിലാണ് സാമന്ത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related Posts