കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ ഡോക്ടർ മരിച്ചു. കോട്ടയംസ്വദേശിയായ ഹൗസ് സർജൻ വന്ദന ദാസാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഡ്യൂട്ടിക്കിടെ ഒരു ഡോക്ടറെ രോഗി കുത്തിക്കൊലപ്പെടുത്തുന്നത്. ഈ സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും, പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്നും, ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു.
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. നെടുമ്പനയിലെ യുപി സ്‌കൂൾ അദ്ധ്യാപകനാണ് പ്രതിയായ സന്ദീപ്. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു . വൈദ്യ പരിശോധനക്കായി അതിരാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണം നടന്നത്.
ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി അവിടെ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. പുറകിലും നെഞ്ചിലുമാണ് ഡോ. വന്ദനയ്ക്ക് കുത്തേറ്റത്. ഡോക്ടർക്ക് പുറമെ പോലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേരെയും പ്രതി ആക്രമിച്ചു. ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.