കെയ്റോയിലെ ക്രിസ്ത്യൻ പള്ളിയിൽ തീപിടിത്തം
കെയ്റോ: ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിലെ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിലുണ്ടായ തീപിടുത്തത്തിൽ 41 പേർ മരിച്ചു. 55 പേർക്ക് പരിക്കേറ്റു. കെയ്റോയിലെ വടക്കുപടിഞ്ഞാറൻ ജില്ലയായ ഇംബാബയിലെ അബു സിഫിൻ പള്ളിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്റ്റുകൾ. ഈജിപ്തിലെ 103 ദശലക്ഷം ജനങ്ങളിൽ 10 ദശലക്ഷം പേരെങ്കിലും ഈ വിഭാഗത്തിൽ പെടുന്നു. സംഭവത്തിൽ ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് അൽ-സിസി അനുശോചനം രേഖപ്പെടുത്തി. ദാരുണമായ സംഭവം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി ഉറപ്പാക്കാൻ ബന്ധപ്പെട്ട സംസ്ഥാന ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 മാർച്ചിൽ കെയ്റോയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ടെക്സ്റ്റൈൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 20 പേർ മരിച്ചിരുന്നു. 2020 ൽ രണ്ട് ആശുപത്രികളിലായി ഉണ്ടായ തീപിടുത്തത്തിൽ 14 കൊവിഡ് -19 രോഗികളും മരിച്ചിരുന്നു.