ഗള്‍ഫ് സമുദ്രത്തില്‍ ഒരു മത്സ്യദ്വീപ്
റിയാദ്: മത്സ്യചന്തക്കായി ഗള്‍ഫ് സമുദ്രത്തില്‍ ഒരു ദ്വീപ് തന്നെ പണി കഴിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ദ്വീപ് മത്സ്യവിപണിയായ കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലാണ് 'മത്സ്യദ്വീപ്' (ഫിഷ് ഐലന്‍ഡ്) തന്നെ പണിതിരിക്കുന്നത്. സമുദ്രത്തോട് ചേര്‍ന്നുള്ള ഈ മത്സ്യദ്വീപ് മത്സ്യവ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്.
ഖത്വീഫ് മത്സ്യവിപണി 150 വര്‍ഷത്തിലേറെയായി ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണന കേന്ദ്രങ്ങളിലൊന്നാണ്. പ്രതിദിനം 100 ടണ്‍ മുതല്‍ 200 ടണ്‍ വരെ വിവിധയിനം മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നതിനാല്‍ ഏറ്റവും വലിയ മത്സ്യ വിപണിയായാണ് ഖത്വീഫ് അറിയപ്പെടുന്നത്. 120,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിന് സമീപം ഈ മത്സ്യദ്വീപ് ഒരുക്കിയിരിക്കുന്നത്. 6000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു വലിയ കെട്ടിടവും ഈ ദ്വീപിലുണ്ട്. റീട്ടെയില്‍ സ്റ്റോറുകള്‍, മൊത്തവ്യാപാര സൈഡ് യാര്‍ഡ്, ഐസ് ഫാക്ടറി, സ്റ്റോറേജ്-കൂളിങ് ഏരിയകള്‍, വാണിജ്യ സൗകര്യങ്ങള്‍ തുടങ്ങി കച്ചവട സംബന്ധമായ എല്ലാ വിഷയങ്ങളും ഈ കെട്ടിടത്തിലാണ് നടക്കുന്നത്. 800 ലക്ഷം റിയാല്‍ ചെലവിട്ടാണ് മത്സ്യദ്വീപ് നിര്‍മിച്ചിരിക്കുന്നത്.