കളിപ്പാട്ടം കാണിക്കാൻ പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് നാല് വയസ്സുകാരൻ

സമ്മാനമായി ലഭിച്ച പുതിയ കളിപ്പാട്ടം കാണിക്കാൻ പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് നാലു വയസ്സുകാരൻ. എമർജൻസി പൊലീസ് ഉടനടി കുട്ടിയുടെ വീട്ടിലെത്തി അവന്റെ 'അടിയന്തിര ആവശ്യം' സന്തോഷത്തോടെ നിറവേറ്റി മടങ്ങുകയും ചെയ്തു. ന്യൂസിലൻഡിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

എമർജൻസി കോളിന്റെ ശബ്ദരേഖ ന്യൂസിലൻഡ് സതേൺ ഡിസ്ട്രിക്റ്റ് പൊലീസാണ് പുറത്തുവിട്ടത്. കുട്ടി എമർജൻസി നമ്പറിലേക്ക് വിളിക്കുന്നതും അതിനോട് വനിതാ ഓഫീസർ പ്രതികരിക്കുന്നതും കേൾക്കാം. എന്താണ് എമർജൻസി എന്ന ഓഫീസറുടെ ചോദ്യത്തിന് തന്റെ കളിപ്പാട്ടം അവരെ കാണിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് കുട്ടിയുടെ മറുപടി. താമസസ്ഥലത്തിന്റെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ കുട്ടിക്ക് പറയാനാവുന്നില്ല. ഫോൺ അച്ഛന് കൈമാറുകയാണ്.

കുട്ടിയുടെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നും താൻ ഇളയ കുട്ടിയെ പരിചരിക്കുന്ന തിരക്കിനിടയിൽ അവൻ ഒപ്പിച്ച പണിയാണെന്നും പിതാവ് പറയുന്നതു കേൾക്കാം. അത് സാരമില്ലെന്ന് ആശ്വസിപ്പിക്കുന്ന ഓഫീസർ എമർജൻസി ഒന്നുമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് സംസാരം അവസാനിപ്പിക്കുന്നത്.

പിന്നീടാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൊലീസ് കോൺസ്റ്റബിൾ കുർട്ട് അവിടെയെത്തുന്നത്. ആവശ്യപ്പെട്ടതു പ്രകാരം കളിപ്പാട്ടം കാണാനാണ് തങ്ങൾ എത്തിയതെന്നു പറഞ്ഞ് അവനൊപ്പം സെൽഫിയെടുത്താണ് പൊലീസുകാർ മടങ്ങിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Related Posts