സംസ്ഥാന ക്ഷീര സംഗമത്തിന് മണ്ണുത്തിയില്‍ പ്രൗഢമായ തുടക്കം

ഔദ്യോഗിക ഉദ്ഘാടനം 13ന് രാവിലെ 10ന് മുഖ്യമന്തി പിണറായി വിജയന്‍ നിര്‍വഹിക്കും

സംസ്ഥാന ക്ഷീരസംഗമം പടവ് 2023നു മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസില്‍ പ്രൗഢമായ തുടക്കം. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ റവന്യു മന്ത്രി കെ രാജന്‍ പതാക ഉയര്‍ത്തിയതോടെയാണ് ഫെബ്രുവരി 15 വരെ നീളുന്ന മഹാസംഗമത്തിന് തുടക്കമായത്. ക്ഷീര സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 13ന് രാവിലെ 10ന് മുഖ്യമന്തി പിണറായി വിജയന്‍ നിര്‍വഹിക്കും

ക്ഷീരസംരക്ഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായ കാലഘട്ടമാണിതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവയുടെ ഉത്പാദനവും സംഭരണവും വിതരണവും വിപണനവും ഉറപ്പുവരുത്താന്‍ കഴിയുന്ന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇത് നടപ്പാവുന്നതോടെ കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതങ്ങള്‍ കൂടി ലഭ്യമാക്കി പദ്ധതികള്‍ നടപ്പാക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന വലിയ ലക്ഷ്യവുമായാണ് മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിവിധ മേഖലകളിലെ കര്‍ഷകരുടെ സംഗമങ്ങള്‍ നടത്തുന്നതിനും ഇനിയുള്ള ക്ഷീര സംഗമങ്ങള്‍ക്കും വലിയ അനുഭവപാഠമാവുന്ന ഒന്നായി പടവ് 2023 മാറുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

ഫെബ്രുവരി 15 വരെ നടക്കുന്ന ക്ഷീര സംഗമത്തില്‍ കേരള ഡയറി എക്‌സ്‌പോ, ക്ഷീരഗാമം പദ്ധതി ഉദ്ഘാടനം, മാധ്യമ ശില്പശാല, ക്ഷീരസ്പന്ദനം, ക്ഷീരകര്‍ഷക അദാലത്ത്, കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, സാംസ്‌കാരിക ഘോഷയാത്ര, പുരോഗമനോന്മുഖ കര്‍ഷക സെമിനാര്‍, സഹകാരികള്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമുള്ള ശില്പശാല, സംവാദ സദസ്സ്, ക്ഷീരസഹകാരി സംഗമം, വനിതാ സംരംഭകത്വ ശില്പശാല, ക്ഷീരകര്‍ഷക മുഖാമുഖം, ദേശീയ ഡയറി സെമിനാര്‍, ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ദാനം, ക്ഷീരസഹകാരി അവാര്‍ഡ് ദാനം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കലാസന്ധ്യ, ക്യാമ്പസ് സന്ദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി ഒട്ടേറെ പരിപാടികള്‍ നടക്കും.

പി ബാലചന്ദ്രന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, മില്‍മ ചെയര്‍മാന്‍ കെ സി മണി, റീജിയണല്‍ ചെയര്‍മാന്‍ ജയന്‍, പഞ്ചായത്ത് പ്രെസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

13ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,മേയര്‍ എം കെ വര്‍ഗ്ഗീസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ക്ഷീരവികസന വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ്, കെ എല്‍ ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആറു ദിവസം നീളുന്ന ക്ഷീര സംഗമം സംഘടിപ്പിക്കുന്നത്.

Related Posts