നാല് പതിറ്റാണ്ടായി തരിശായി കിടന്നിരുന്ന പാടത്ത് പൊന്നുവിളയിക്കാൻ പൈനൂരിലെ കർഷക സംഘം
പൈനൂർ: എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് മികച്ച കർഷക തൊഴിലാളികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഒന്നാം വാർഡ് പൈനൂരിലെ കടവത്ത് കുമാരൻ, ആരിപ്പിന്നി സുരേഷ് ബാബു (സുരപ്പൻ) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടിലെ വയലുകളിലെല്ലാം പൊന്നുവിളയിക്കാൻ ഒരുങ്ങുന്നത്.
ഈ വർഷത്തിലെ ആദ്യഘട്ട കൃഷിയിറക്കലിൻ്റെ ഭാഗമായി നാൽപ്പത് വർഷത്തിലധികമായി തരിശായി കിടന്നിരുന്നതുൾപ്പെടെയുള്ള പത്ത് ഏക്കറോളം സ്ഥലത്താണ് ഇന്ന് നെൽ കൃഷിക്ക് തുടക്കം കുറിക്കുന്നത്.
എടത്തിരുത്തി കൃഷി ഭവനിൽ നിന്നും സൗജന്യമായി നൽകിയ ഉമ നെൽവിത്താണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം പൈനൂർ പ്രദേശത്തെ ഇരുപത്തി അഞ്ച് ഏക്കറോളം സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്നത് നൂറ് മേനി വിജയമായിരുന്നു. ഈ വർഷം കൃഷിയിലേക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൃഷി വികസിപ്പിക്കാൻ ശ്രമിക്കുമെന്ന് കർഷക സംഘം ഭാരവാഹികൾ അറിയിച്ചു.
ഒന്നാം വാർഡ് മെമ്പർ പി എച്ച് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള കർഷകസംഘം നാട്ടിക ഏരിയ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ജ്യോതി പ്രകാശ് വിത്ത് വിതക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.
കർഷക സംഘം എടത്തിരുത്തി വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ശിവാനന്ദൻ, മോഹൻലാൽ പുത്തൻപുര, സി ഡി എസ് ചെയർപേഴ്സൺ തങ്കമണി ചന്ദ്രൻ, സുബി ശങ്കർ, ഷെമീർ എളേടത്ത്, രാജൻ പൊറ്റക്കാട്ട്, സുന്ദരൻ കൊടുക്കൽ, ഉമർ കടവിൽ, മുരളി പൊറ്റേക്കാട്ട്, അഭിലാഷി ദേവദാസ് തുടങ്ങിയവർ പെങ്കെടുത്തു.