കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് അഞ്ചുമണിയ്ക്കാണ് യോഗം. രാജ്യത്ത് കൊവിഡ് രോഗബാധ വീണ്ടും ഉയരുന്നത് കണക്കിലെടുത്താണ് മന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.

പ്രധാന വകുപ്പു മേധാവികള്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. നാലാം തരംഗം ഉണ്ടായാല്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും.

രാജ്യത്ത് വീണ്ടും കൊവിഡ് രോഗബാധ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. ടിപിആറും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്.

രാജ്യത്ത് ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങള്‍ പലയിടത്തും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് മാസം പകുതിയോടെ രാജ്യത്ത് കോവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

Related Posts